ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം: കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി
ഭക്ഷണവും വസ്ത്രധാരണവുമെന്നപോലെ മനുഷ്യന്റെ നിലപാടുകളെ ഏറ്റവും വ്യക്തമായി അടയാളപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഭാഷയെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി.
കോഴിക്കോട് : ഭക്ഷണവും വസ്ത്രധാരണവുമെന്നപോലെ മനുഷ്യന്റെ നിലപാടുകളെ ഏറ്റവും വ്യക്തമായി അടയാളപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഭാഷയെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ല ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഒരു സമൂഹത്തിന്റെ സാംസ്കാരിക തനിമയും നിലപാടുകളുടെ ആഴവും തിരിച്ചറിയുന്നത് മാതൃഭാഷയിലൂടെയാണെന്നും കളക്ടർ കൂട്ടിച്ചേർത്തു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലളിതവും മനുഷ്യത്വപരവുമായ പ്രയോഗങ്ങളിലാണ് ഭാഷയുടെ യഥാർത്ഥ സൗന്ദര്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് വ്യക്തമാക്കി. കാലം മാറുമ്പോൾ നാടൻ പദങ്ങളും തനിമയുള്ള പ്രയോഗങ്ങളും നമ്മുടെ സംസാരത്തിൽ നിന്നും എഴുത്തിൽ നിന്നും ചോർന്നുപോവുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ എ.ഡി.എം. കെ. ഷറീന ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായ ഷാമിൻ വി. സെബാസ്റ്റ്യൻ, എ.കെ. പ്രതീഷ്, പി ഗീത, ഐ.പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ ബി. ബിനു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റർ സൗമ്യ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നവംബർ ഒന്നു മുതൽ ഏഴ് വരെയാണ് മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും വിവിധ പരിപാടികളോടെ ആചരിക്കുന്നത്.