സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

ഓരോ ആരോഗ്യശാസ്ത്ര ബിരുദധാരിയും തങ്ങളുടെ തൊഴിൽ മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടി സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്ന് കേരള ആരോഗ്യശാസ്ത്ര സവ്വകലാശാലയുടെ ചാൻസലറും കേരള ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.

 

ത‍ൃശ്ശൂർ : ഓരോ ആരോഗ്യശാസ്ത്ര ബിരുദധാരിയും തങ്ങളുടെ തൊഴിൽ മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടി സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്ന് കേരള ആരോഗ്യശാസ്ത്ര സവ്വകലാശാലയുടെ ചാൻസലറും കേരള ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ചൊവ്വാഴ്ച തൃശ്ശൂർ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തുള്ള സെനറ്റ് ഹാളിൽ നടന്ന സർവ്വകലാശാലയുടെ 22-ാമത് ബിരുദദാനച്ചടങ്ങിൽ ബിരുദധാരികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് മികച്ച സേവനം നൽകുന്നതിനായി ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിൽ ആഴത്തിലുള്ള പ്രാവീണ്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകപ്രശസ്ത തബല വിദ്വാൻ ഉസ്താദ് അല്ലാ രഖായുടെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഓരോ ജോലിയിലുമുള്ള വൈദഗ്ധ്യത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചത്.

നിങ്ങളുടെ വളർച്ച ആശുപത്രിയുടെ ചുമരുകൾക്കുള്ളിൽ മാത്രം ഒതുക്കരുത്. അതിനപ്പുറം ചിന്തിക്കുകയും വ്യത്യസ്തമായ സമീപനത്തോടെ സമൂഹത്തിനും ജനങ്ങൾക്കും മികച്ച സേവനം നൽകുകയും വേണമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം സാമൂഹിക പ്രതിബദ്ധത ആവശ്യമുള്ള ഒരു തൊഴിൽ മേഖലയാണെന്നും, ആ ഉത്തരവാദിത്വം നിറവേറ്റാൻ കഴിവുള്ളവരാണെന്ന വിശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകരിൽ ഈ ദൗത്യം ഏൽപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിരുദദാനച്ചടങ്ങിൽ എടുത്ത പ്രതിജ്ഞ ജീവിതത്തിന്റെ ഭാഗമാക്കി, ആത്മാർത്ഥതയോടെ ജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു. ജോലിചെയ്ത് വരുമാനമാർഗം കണ്ടെത്തേണ്ടത് അനിവാര്യം തന്നെയാണ് എന്നാൽ ആരോഗ്യപ്രവർത്തകർ വ്യത്യസ്തമായി ചിന്തിച്ച് വരുമാനം നേടുന്നതോടൊപ്പംതന്നെ സമൂഹ നന്മ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ സ്വാഗതം ആശംസിച്ചു. രജിസ്ട്രാർ പ്രൊഫ. (ഡോ.) എസ്. ഗോപകുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. (ഡോ.) എസ്. അനിൽകുമാർ, അക്കാദമിക് ഡീൻ ഡോ. ആർ. ബിനോജ്, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീൻ ഡോ. ആർ. ആശിഷ്, ആരോഗ്യശാസ്ത്രത്തിലെ ഏഴ് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഫാക്കൽറ്റി ഡീന്മാർ, ഗവേണിങ് കൗൺസിൽ-അക്കാദമിക് കൗൺസിൽ അംഗങ്ങൾ, മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, ബിരുദധാരികൾ, രക്ഷിതാക്കൾ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സർവ്വകലാശാലയുടെ ഏഴ് അക്കാദമിക് മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചടങ്ങിൽ ബിരുദം സ്വീകരിച്ചു. കേരളത്തിലെ 395 ആരോഗ്യശാസ്ത്ര സ്ഥാപനങ്ങളിൽനിന്നായി മോഡേൺ മെഡിസിൻ, ഡെന്റൽ സയൻസസ്, ആയുർവേദം/ യുനാനി/ സിദ്ധ, ഹോമിയോപ്പതി, നഴ്‌സിംഗ്, ഫാർമസി, അലൈഡ് ഹെൽത്ത് സയൻസസ് എന്നീ മേഖലകളിൽ നിന്നായി 7457 വിദ്യാർത്ഥികളാണ് ഈ കാലയളവിൽ ബിരുദം നേടിയത്. നേരിട്ട് ബിരുദം കൈപ്പറ്റാൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ തപാൽ മാർഗ്ഗം അയച്ചുനൽകും.

2363 ബിരുദാനന്തര ബിരുദധാരികൾ, 11 പിഎച്ച്.ഡി. അവാർഡ് ജേതാക്കൾ, 5083 ബിരുദധാരികൾ എന്നിവരുൾപ്പെടെ 7457 പേരാണ് ഈ കാലയളവിൽ ബിരുദം നേടിയത്. ഇതോടെ സർവ്വകലാശാല സ്ഥാപിതമായതിനുശേഷം ബിരുദം നേടുന്നവരുടെ എണ്ണം 1,89,497 ആയി ഉയർന്നു. (1,82,040+7457).