സർക്കാർ പദ്ധതികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം :മന്ത്രി ഒ ആർ കേളു
സർക്കാർ പദ്ധതികളെ കുറിച്ച് ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാധിക്കണമെന്ന് പട്ടികജാതി-പട്ടികവർഗ വികസന-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.
കോഴിക്കോട് : സർക്കാർ പദ്ധതികളെ കുറിച്ച് ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാധിക്കണമെന്ന് പട്ടികജാതി-പട്ടികവർഗ വികസന-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2021-22 വർഷത്തെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ച കട്ടിപ്പാറ ചമൽ അംബേദ്കർ നഗറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് നാട് വേഗത്തിൽ വളരുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഇതിനൊപ്പം ഉയർത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലും സ്ത്രീ ശാക്തീകരണത്തിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും പട്ടികജാതി വികസന കോർപ്പറേഷൻ മുഖേന നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരു കോടി രൂപ വിനിയോഗിച്ചാണ് അംബേദ്കർ നഗറിലെ വികസന പ്രവൃത്തികൾ പൂർത്തീകരിച്ചത്. വീടുകളുടെ റിപ്പയർ, ഗതാഗത സൗകര്യ വികസനം, സാംസ്‌കാരിക നിലയ നിർമാണം, പരിസര സൗന്ദര്യവത്കരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്.
അംബേദ്കർ നഗർ പരിസരത്ത് നടന്ന ചടങ്ങിൽ ഡോ. എം കെ മുനീർ എം.എൽ.എ അധ്യക്ഷനായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന ടീച്ചർ, വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ ജംഷീന, മുഹമ്മദ് ഹാഷിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസി തോമസ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിതീഷ് കല്ലുള്ളതോട്, എൻ അഖിൽ, കെ സി ലെനിൻ, സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ പി ശൈലേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി നൗഷാദ് അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.