കൊയിലാണ്ടിയിൽ ക്രൂയിസ് ടെർമിനൽ സാധ്യത പരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

: കൊയിലാണ്ടിയിൽ ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'വിഷൻ കൊയിലാണ്ടി @ 2040' വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോഴിക്കോട് : കൊയിലാണ്ടിയിൽ ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'വിഷൻ കൊയിലാണ്ടി @ 2040' വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 29 കിലോമീറ്റർ കടൽത്തീരമുള്ള കൊയിലാണ്ടിയിൽ കടലിന് ആവശ്യത്തിന് ആഴമുണ്ടോ എന്ന് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. അനുകൂല റിപ്പോർട്ട് ലഭിച്ചാൽ ക്രൂയിസ് ടെർമിനൽ നടപടികളുമായി മുന്നോട്ടുപോകും. വലിയ ക്രൂയിസ് കപ്പലുകൾക്ക് ആവശ്യമായ ആഴമില്ലെങ്കിൽ റിവർ ക്രൂയിസ് പദ്ധതിയുടെ സാധ്യത പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രൂയിസ് ടെർമിനൽ യാഥാർഥ്യമായാൽ കൊയിലാണ്ടിയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനും റിസോർട്ടുകൾ ഉൾപ്പെടെയുള്ള അനുബന്ധ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കാനും സാധിക്കും. കപ്പൽ നിർമാണം, അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിലും കൊയിലാണ്ടിയിൽ സാധ്യതയുണ്ട്. 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായി ഇത്തരം സംരംഭങ്ങൾക്ക് സർക്കാർ ആവശ്യമായ പിന്തുണ നൽകും.

തിരുവങ്ങൂർ ഐ.ടി. പാർക്ക്, കെൽട്രോണിന്റെ പുതിയ കേന്ദ്രം, വെറ്ററിനറി സർവകലാശാലാ കേന്ദ്രം തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പിന്തുണ നൽകും. ആരോഗ്യ-വിദ്യാഭ്യാസ-ടൂറിസം മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരണം. റീഹാബിലിറ്റേഷൻ, വെൽനസ് സെന്ററുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കും സാധ്യതയുണ്ട്. വ്യവസായ മേഖലയിലെ തൊഴിൽസാധ്യതകൾക്ക് അനുസൃതമായ പുതിയ അക്കാദമിക് കോഴ്‌സുകൾ ആരംഭിക്കണമെന്നും, കോഴ്‌സ് പൂർത്തിയാക്കുന്നവരിൽ കുറഞ്ഞത് 70 ശതമാനം പേർക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ആവിഷ്‌കരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്തെ നഴ്‌സിങ് സീറ്റുകൾ മൂന്ന് വർഷത്തിനുള്ളിൽ 30,000 ആയി ഉയർത്താൻ നടപടി സ്വീകരിക്കും. നിലവിൽ 50,000-ത്തോളം വിദ്യാർഥികളാണ് നഴ്‌സിങ് പഠനത്തിനായി കേരളത്തിന് പുറത്ത് പോകുന്നത്. നഴ്‌സിങ് കോളേജുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സംസ്ഥാനത്തുതന്നെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കും.

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഓരോ പദ്ധതിക്കും സമയപരിധി നിശ്ചയിച്ച് കൗണ്ട്ഡൗൺ സംവിധാനം ഏർപ്പെടുത്തണം. പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡാഷ്‌ബോർഡ് വഴി നിരീക്ഷിക്കുന്നുണ്ടെന്നും ജനപ്രതിനിധികൾ കൂട്ടായ്മയോടെ പ്രവർത്തിച്ച് കൊയിലാണ്ടിയെ മാതൃകാ നിയോജകമണ്ഡലമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ചേമഞ്ചേരിയിൽ നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്ന കലാഗ്രാമം ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾക്കും പിന്തുണ നൽകും. സംസ്ഥാനത്തെ 100 ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റുകൾ വികസിപ്പിക്കുന്ന പദ്ധതിയിൽ കൊയിലാണ്ടിയെയും ഉൾപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 'വിഷൻ കൊയിലാണ്ടി @ 2040' പദ്ധതികളുടെ രൂപരേഖ അടങ്ങിയ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്‌സൺ യു.കെ. ചന്ദ്രൻ, പ്രോഗ്രാം കൺവീനർ വി.വി. സുധാകരൻ എന്നിവർ സംസാരിച്ചു. പി.ടി. ഉഷ എം.പി.യുടെ സന്ദേശം ചടങ്ങിൽ വായിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന പ്ലീനറി സെഷനിൽ വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എയുമായി വികസനരേഖ സംബന്ധിച്ച് ചർച്ച നടത്തി. തിരുവങ്ങൂർ ഐ.ടി. പാർക്ക്, കൊയിലാണ്ടി ഗവ. സ്‌കൂൾ നവീകരണം, കെൽട്രോൺ ഇലക്ട്രോണിക്‌സ് വില്ലേജ്, വെറ്ററിനറി സർവകലാശാലാ ഉപകേന്ദ്രം, സഹകരണ നഴ്‌സിങ് കോളേജ്, 110 കെ.വി. സബ്‌സ്റ്റേഷൻ, അകലാപ്പുഴ ടൂറിസം, വെളിയന്നൂർ ചള്ളി ഫാം ടൂറിസം, കൊളാവിപ്പാലം ക്രൂയിസ് വെസ്സൽ പദ്ധതി തുടങ്ങി 2040-ഓടെ കൊയിലാണ്ടിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികളാണ് 'വിഷൻ കൊയിലാണ്ടി @ 2040' വികസനരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.