കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും : മുഖ്യമന്ത്രി
മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസൽ ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫ്യൂച്ചർ കാലിക്കറ്റ് 360' വികസന
കോഴിക്കോട് : മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസൽ ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫ്യൂച്ചർ കാലിക്കറ്റ് 360' വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട്ടെ തുറമുഖങ്ങളെല്ലാം വികസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ്, കണ്ടെയ്‌നർ ഫെലിസിറ്റേഷൻ സെന്റർ, ട്രാൻഷിപ്പ്‌മെന്റ് ഉൾപ്പെടെയുള്ള നിരവധി തൊഴിൽ സാധ്യതയുള്ള പദ്ധതികൾ തുറമുഖങ്ങളോടനുബന്ധിച്ച് ആരംഭിക്കും. തുറമുഖങ്ങളുടെ വികസനം നഗരത്തിന്റെ കൂടി വികസനമാക്കി മാറ്റും. സ്ഥലം ലഭ്യമായാൽ കോഴിക്കോട്ട് ക്രൂയിസ് ടെർമിനലും യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുന്ന മുറക്ക് കാലതാമസമില്ലാതെ പദ്ധതി നടപ്പാക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഏവിയേഷൻ ഹബുകളിൽ കോഴിക്കോട് എയർപോർട്ടിന് പ്രാധാന്യമുണ്ടാകും. കോഴിക്കോട് നഗരത്തിൽനിന്ന് എയർപോർട്ടിലെത്താൻ പുതിയ സംവിധാനമൊരുക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട്ട് ഒരുക്കുന്ന കൾച്ചറൽ പാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമാക്കും. തിയറ്ററുകൾ, ആർട്ട് എക്‌സിബിഷൻ ഗ്യാലറികൾ, തനത് കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വേദികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയവ ഇതോടനുബന്ധിച്ചുണ്ടാകും. കോഴിക്കോടിന്റെ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഇത് മാറും. കൾച്ചറൽ പാർക്കിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ടെക്‌നോ പാർക്കിനെയും എറണാകുളത്തെ ഇൻഫോ പാർക്കിനെയും വെല്ലുന്ന സൈബർ പാർക്ക് കോഴിക്കോട്ട് യാഥാർഥ്യമാക്കും. ലോകത്തെ പ്രധാന സർവകലാശാലകളുടെ കാമ്പസ് ഉൾക്കൊള്ളുന്ന നോളജ് വാലി പദ്ധതിക്ക് സ്ഥലം ലഭ്യമായാൽ കോഴിക്കോടിനെയും പരിഗണിക്കും. മാങ്കാവ് പാലം ഉൾപ്പെടെയുള്ള പാലങ്ങളുടെ വികസനത്തിന് മുൻഗണനയുണ്ടാകും. വികസനപ്രവർത്തനങ്ങൾക്ക് കോഴിക്കോട് എൻ.ഐ.ടിയുടെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തും. കോഴിക്കോടിനെ കുറിച്ചുള്ള ജനങ്ങളുടെ സ്വപ്‌നങ്ങളെല്ലാം പൂർത്തിയാക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്, എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ അഡ്വ. ഫൈസൽ ബാബു, അഡ്വ. കെ ജയന്ത്, അഡ്വ. കെ പ്രവീൺ കുമാർ, മുൻ മന്ത്രി എം.കെ മുനീർ, നടൻ ജോയ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു. 'റീ ഇമേജിങ് കാലിക്കറ്റ്: എ വിഷൻ ഫോർ ടുമോറോ' എന്ന സെഷന്റെ ഉദ്ഘാടനം വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ, അസിസ്റ്റന്റ് കലക്ടർ മാളവിക ജി നായർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.