സെൻസസ്: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള കോഴിക്കോട് ജില്ലാതല പരിശീലനം പൂർത്തിയായി
സെൻസസ് 2027-ന്റെ രണ്ടാംഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, സെൻസസ് ക്ലർക്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവർക്കായി സംഘടിപ്പിച്ച ജില്ലാതല പരിശീലന പരിപാടി പൂർത്തിയായി.
കോഴിക്കോട് : സെൻസസ് 2027-ന്റെ രണ്ടാംഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, സെൻസസ് ക്ലർക്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവർക്കായി സംഘടിപ്പിച്ച ജില്ലാതല പരിശീലന പരിപാടി പൂർത്തിയായി. ഒക്ടോബർ 12 മുതൽ 15 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.
സെൻസസ് പ്രവർത്തനങ്ങളുടെ നടപടിക്രമങ്ങൾ, ഭരണ ഉദ്യോഗസ്ഥരുടെയും ക്ലർക്കുമാരുടെയും ചുമതലകൾ, സി എം എം എസ് പി ഇ മൊഡ്യൂളുകളുടെ പ്രവർത്തനം, എന്യൂമറേഷൻ ബ്ലോക്കുകളുടെ രൂപീകരണം, സബ്-എന്യൂമറേഷൻ ബ്ലോക്കുകളുടെ അതിർത്തി നിർണയം, ലേഔട്ട് മാപ്പുകൾ തയ്യാറാക്കൽ, ചാർജ് രജിസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. പോപ്പുലേഷൻ എന്യൂമറേഷൻ മൊബൈൽ ആപ്പിന്റെ പ്രവർത്തനം, സജ്ജീകരണങ്ങൾ, ഉപയോഗരീതി എന്നിവയിൽ പ്രായോഗിക പരിശീലനവും നൽകി.
സെൻസസ് ആശയങ്ങളും നിർവചനങ്ങളും, ഉൾപ്പെടുത്തേണ്ട വ്യക്തികൾ, ചോദ്യാവലി, വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ, എസ് ഇ പോർട്ടലിന്റെ ഉപയോഗം, അച്ചടി-ലോജിസ്റ്റിക്സ് ക്രമീകരണങ്ങൾ, കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയും പരിശീലനത്തിന്റെ ഭാഗമായി വിശദീകരിച്ചു. പോപ്പുലേഷൻ എന്യൂമറേഷൻ ഘട്ടത്തിലെ മാധ്യമ-പ്രചാരണ പ്രവർത്തനങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തി.
പരിശീലനത്തിന്റെ ഭാഗമായി സംശയനിവാരണം, പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകനം, അഭിപ്രായങ്ങൾ പങ്കുവെക്കൽ എന്നിവയും നടന്നു. സെൻസസ് 2027-ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായും കൃത്യതയോടെയും സമയബന്ധിതമായും നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. സെൻസസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ വി. വിഭ, അജിലി വാസുദേവൻ എന്നിവരാണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.