ചിന്നക്കനാലിലെ കാട്ടാന ആക്രമണം; ചികിത്സയിൽ കഴിയുന്ന കുട്ടിയെ മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് വനംവകുപ്പു മന്ത്രി ഷിബു ബേബി ജോൺ
 

കോട്ടയം: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് വനംവകുപ്പു മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ മരിച്ച ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകൻ രക്ഷൻ(11) കിടക്കുന്ന 25-ാം വാർഡിലെത്തിയ മന്ത്രി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കുമുൾപ്പെടെ എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരിക്കുമെന്ന് ബന്ധുക്കൾക്ക് ഉറപ്പു നൽകി.
 
രക്ഷന്റെയും സഹോദരി രക്ഷിണയുടെയും പേരിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട നഷ്ടപരിഹാരത്തുകയുടെ ബാങ്ക് രേഖകൾ മന്ത്രി  കൈമാറി.പരിക്കേറ്റ കുട്ടിക്ക് 18 വയസ് തികയുന്നതുവരെ റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിമാസം കുടുംബത്തിന് അയ്യായിരം രൂപ നൽകും. കുട്ടികളുടെ സംരക്ഷണത്തിനായി വനം വകുപ്പിലെ ഒരു സീനിയർ ഓഫീസറെ മെന്റർ ആയി നിയോഗിച്ചിട്ടുണ്ട്.

കുട്ടിയുടെ ആരോഗ്യസ്ഥിതി പൂർണമായും ഭേദമായശേഷമേ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്  ചെയ്യൂ. എല്ലാ ദിവസവും ഡോക്ടർമാരുമായി ബന്ധപ്പെട്ട് കുട്ടിയുടെ ആരോഗ്യസ്ഥിതി  അന്വേഷിച്ചിരുന്നു. ചിന്നക്കനാലിലെ വീട്ടിലെത്തുമെന്ന് മന്ത്രി രക്ഷന്റെ ബന്ധുക്കൾക്ക് ഉറപ്പു നൽകി.

 മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സദറുദ്ദീൻ അഹമ്മദ്, ഡോ. ഫ്രെഡറിക് പോൾ, ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. സതീഷ് ചന്ദ്രൻ, ഡോ. ടിനു രവി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്,  അസിസ്റ്റന്റഅ  ഫോറസ്റ്റ് കൺസർവേറ്റർ ജയചന്ദ്രൻ നായർ, ജില്ലാ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ അഗർവാൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.