പഠനം ആനന്ദകരമാക്കാൻ സ്കൂളുകൾ പരിശ്രമിക്കണം :സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
പഠനം കുട്ടികൾക്ക് ആനന്ദകരമാക്കാൻ സ്കൂളുകൾ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കോട്ടയം:പഠനം കുട്ടികൾക്ക് ആനന്ദകരമാക്കാൻ സ്കൂളുകൾ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൻറെ ഭാവി നിർണയിക്കേണ്ടവരാണ് ഇന്നത്തെ സ്കൂൾ വിദ്യാർഥികൾ. അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് പ്രവേശനോത്സവം. നല്ല അന്തരീക്ഷത്തിൽ അവർ വളരുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്-അദ്ദേഹം പറഞ്ഞു.
ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് സ്പീക്കർ മധുരവും പൂക്കളും സമ്മാനിച്ചു സ്വീകരിച്ചു. വിദ്യാഭ്യാസവകുപ്പുമന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈനിൽ സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.വൈശാഖ്, മുനിസിപ്പൽ കൗൺസിലർ എസ്. ഗോപകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഡി.ഇ.ഒ എം.ആർ സുനിമോൾ,എസ്.എസ്.കെ ജില്ലാ പ്രജക്ട് കോ ഓർഡിനേറ്റർ ധന്യ പി. വാസു, എ.ഇ.ഒ അനിൽ കെ.തോമസ്, ഫാ. ബ്രിജിത്ത് കെ.ബേബി, ഡോ.ജേക്കബ് ജോൺ, ഡാനിഷ് പി.ജോൺ, മധുമോഹൻ,പി.ടി.എ പ്രസിഡൻറ് അനുജ പ്രശാന്ത്,അനീറ്റ മറിയം സിജി എന്നിവർ പ്രസംഗിച്ചു.