പോളിംഗ് ബൂത്തുകൾ തയ്യാർ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴു മുതൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി കോട്ടയം ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളും ഒരുങ്ങി. നാളെ (ഏപ്രിൽ ഒൻപത്) രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.  ആറുമണിക്ക് വരിയിലുള്ളവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരം നൽകും.

 

 
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി കോട്ടയം ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളും ഒരുങ്ങി. നാളെ (ഏപ്രിൽ ഒൻപത്) രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.  ആറുമണിക്ക് വരിയിലുള്ളവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരം നൽകും.

പോളിംഗ് സാമഗ്രികളുമായി ഇന്ന് (ഏപ്രിൽ 8) ബൂത്തുകളിൽ എത്തിയ പോളിംഗ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി.

നാളെ (ഏപ്രിൽ  9) വോട്ടിംഗിന് മുന്നോടിയായി രാവിലെ 5.30ന് ആറിന് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത അന്തിമമായി സ്ഥിരീകരിക്കുന്നതിനുള്ള മോക് പോൾ നടത്തും.

 സ്ഥാനാർഥികളുടെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന മോക് പോളിൽ നോട്ട ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 50 വോട്ടെങ്കിലും ചെയ്യും. മോക് പോളിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ മായ്ക്കുകയും വിവിപാറ്റ് സ്ലിപ്പുകൾ നീക്കുകയും ചെയ്തശേഷം വോട്ടിംഗ് യന്ത്രം സീൽ ചെയ്യും. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിക്കുക.

എല്ലാ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പാലാ കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ,  വൈക്കം-സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്,  അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ,  പുതുപ്പള്ളി ഡോൺബോസ്‌കോ സെൻട്രൽ സ്‌കൂൾ,  ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളി-സെന്റ് ഡൊമിനിക്‌സ് കോളജ്, അരുവിത്തുറ സെന്റ്  ജോർജ് കോളജ് എന്നിവിടങ്ങളിൽ നടന്ന പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് വരണാധികാരികൾ നേതൃത്വം നൽകി.

പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ പ്രത്യേകം ഏർപ്പെടുത്തിയ വാഹനങ്ങളിൽ പോലീസ് സംരക്ഷണത്തിലാണ് പോളിംഗ് ബൂത്തുകളിൽ എത്തിച്ചത്. വിതരണ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ രാവിലെ വിലയിരുത്തി.