അക്ഷരമ്യൂസിയം മലയാളത്തെ കൂടുതൽ സമ്പന്നമാക്കി: മന്ത്രി വി.എൻ. വാസവൻ
മലയാളത്തെ കൂടുതൽ സമ്പന്നമാക്കാൻ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിന് കഴിഞ്ഞെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തിൽ
കോട്ടയം: മലയാളത്തെ കൂടുതൽ സമ്പന്നമാക്കാൻ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിന് കഴിഞ്ഞെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തിൽ സഹകരണവകുപ്പ് നിർമിച്ച അക്ഷര മ്യൂസിയത്തിന്റെ തുടർഘട്ടങ്ങളുടെ നിർമാണോദ്ഘാടനവും എസ്.പി.സി.എസ് അക്ഷരപുരസ്‌കാര സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരനഗരിയെന്ന പേരിനൊപ്പം സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിൽ കോട്ടയത്തിന്റെ പേര് കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ അക്ഷര മ്യൂസിയത്തിന് കഴിഞ്ഞു.
ആറായിരത്തിലധികം ഭാഷകളും ലിപികളും അവയുടെ പരിണാമവും പരിചയപ്പെടുത്തുന്ന അക്ഷരമ്യൂസിയം പോലുള്ള സംരംഭം വേറെയില്ല - മന്ത്രി പറഞ്ഞു.
സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയ അക്ഷരപുരസ്‌കാരം സാഹിത്യകാരൻ യു.കെ. കുമാരന് ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച തക്ഷൻകുന്ന് സ്വരൂപം എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന്ന് അർഹനാക്കിയത്. ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തിൽ നടന്ന ചടങ്ങിൽ എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
കിഫ്ബി അഡീഷണൽ സി.ഇ.ഒ മിനി ആന്റണി, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, സാഹിത്യകാരൻ സുസ്മേഷ് ചന്ദ്രോത്ത്, പത്രപ്രവർത്തകൻ പോൾ മണലിൽ, സർക്കിൾ സഹകരണ യൂണിയൻ ജില്ലാ ചെയർമാൻ, കെ.എം. രാധാകൃഷ്ണൻ, ജോയിന്റ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന കെ.പി. ഉണ്ണികൃഷ്ണൻ നായർ, എസ്.പി.സി.എസ് ഭരണസമിതിയംഗം ഡോ.എം.ജി. ബാബുജി എന്നിവർ പ്രസംഗിച്ചു.
കിഫ്ബിയുടെ 16.18 കോടി രൂപ ധനസഹായത്തോടെയാണ് തുടർന്നുള്ള മൂന്നു ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക. ലോകത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ലിപികളുടെ പരിണാമചരിത്രം, മലയാള കവിതാസാഹിത്യചരിത്രം, ഗദ്യസാഹിത്യചരിത്രം, വൈജ്ഞാനികസാഹിത്യം എന്നിവ അടയാളപ്പെടുത്തുന്ന എട്ട് ഗാലറികൾ ഉൾപ്പെടുന്നതാണ് അടുത്ത ഘട്ടങ്ങൾ.