ആഗ്രഹങ്ങളുടെ ചിറകിലേറി പറക്കുന്പോൾ  മാതാപിതാക്കളെ തനിച്ചാക്കരുത്: കോട്ടയം ജില്ലാ കളക്ടർ

ആഗ്രഹങ്ങൾക്കൊത്ത് അതിരുകളില്ലാതെ സഞ്ചരിക്കണം. ലോകത്തിൽ എവിടെയും ഭാവി ജീവിതം കെട്ടിപ്പടുക്കാം. പക്ഷെ, മാതാപിതാക്കളെയും പിന്നിട്ട വഴികളും മറന്നുപോകരുത്. അവർ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യമുണ്ടാകരുത്". സ്കൂൾ വിദ്യാർഥികളോട് സംവദിക്കുന്നതിനിടെ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഈ ഓർമ്മപ്പെടുത്തൽ പലവട്ടം ആവർത്തിച്ചു.

 

കോട്ടയം: "ആഗ്രഹങ്ങൾക്കൊത്ത് അതിരുകളില്ലാതെ സഞ്ചരിക്കണം. ലോകത്തിൽ എവിടെയും ഭാവി ജീവിതം കെട്ടിപ്പടുക്കാം. പക്ഷെ, മാതാപിതാക്കളെയും പിന്നിട്ട വഴികളും മറന്നുപോകരുത്. അവർ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യമുണ്ടാകരുത്". സ്കൂൾ വിദ്യാർഥികളോട് സംവദിക്കുന്നതിനിടെ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഈ ഓർമ്മപ്പെടുത്തൽ പലവട്ടം ആവർത്തിച്ചു.  

മക്കളുടെ കരുതലില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം ജില്ലയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. മക്കൾ വലിയ നിലയിലെത്തിയശേഷം മാതാപിതാക്കളെ പരിഗണിക്കുകപോലും ചെയ്യാത്തത് വേദനാജനകമാണ്- കളക്ടർ പറഞ്ഞു.

സ്കൂൾ വിദ്യാർഥികളുമായുള്ള ജില്ലാ കളക്ടറുടെ പ്രതിവാര മുഖാമുഖ പരിപാടിയുടെ ആദ്യ ദിനമായ ഇന്നലെ കോട്ടയം മൗണ്ട് കാർമ്മൽ വിദ്യാനികേതനിലെ വിദ്യാർഥികളാണ് പങ്കെടുത്തത്.  

നൂതനമായ ആശയങ്ങൾ വികസിപ്പിക്കാനും അവ നാട്ടിൽതന്നെ സംരംഭങ്ങളായി വളർത്താനും വിദ്യാർഥികൾ പരിശ്രമിക്കണം. നാട്ടിലായാലും വിദേശത്തായാലും ഉറ്റവരെയും നാട്ടുകാരെയും  സഹായിക്ക ണം. സഹായമെന്നാൽ പണം നൽകലല്ല. കുടുംബത്തിലെയും നാട്ടിലെയും പിന്മുറക്കാർക്ക് വഴികാട്ടികളാകണം.നല്ലൊരു ഭാവി കണ്ടെത്തുന്നതിലും തെറ്റായ പ്രവണതകളിൽനിന്ന് മാറി നടക്കുന്നതിനുമൊക്കെ അവർക്ക് മാർഗനിർദേശങ്ങൾ നൽകാനാകണം. അതോടൊപ്പം നാടിൻറെ വികസനത്തിൽ പങ്കാളികളാകാനും പരിശ്രമിക്കണം.

ആരോഗ്യകരമായ ഭാവി ജീവിതം ഉറപ്പാക്കുന്നതിന് പഠനത്തിനൊപ്പം വ്യായാമത്തിനും കുട്ടികൾ സമയം കണ്ടെത്തണമെന്നും കളക്ടർ നിർദേശിച്ചു. ജില്ലാ കളക്ടർ പദവിയിലെ അനുഭവങ്ങൾ മുതൽ ഫിറ്റ്നെസ് ടിപ്പുകൾ വരെ ചോദ്യങ്ങളായി ഉയർന്നു.ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എം. അമാനത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.