വിൽപന നടത്തിയ തുരുമ്പിച്ച കാർ മാറ്റിനൽകാൻ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

പുതിയ കാർ വാങ്ങിയ ഉപഭോക്താവിന് നൽകിയ തുരുമ്പിച്ച വാഹനം മാറ്റി നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരേ എരുമേലി സ്വദേശിനിയായ ഷഹർബാൻ നൽകിയ പരാതിയിലാണ് ഉത്തരവ്.

 


കോട്ടയം:പുതിയ കാർ വാങ്ങിയ ഉപഭോക്താവിന് നൽകിയ തുരുമ്പിച്ച വാഹനം മാറ്റി നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരേ എരുമേലി സ്വദേശിനിയായ ഷഹർബാൻ നൽകിയ പരാതിയിലാണ് ഉത്തരവ്. 2022 ജൂൺ ഏഴിനാണ് ഷഹർബാൻ മാരുതി സുസുക്കി അരീനയുടെ പൊൻകുന്നം ഷോറൂമിൽ നിന്ന് രണ്ടുവർഷ വാറണ്ടിയും എക്സറ്റൻഡഡ് വാറണ്ടിയും സഹിതം വാഹനം വാങ്ങിയത്. എന്നാൽ കാറിന്റെ നിറം മാറിയതായും പല ഭാഗങ്ങളിലും തുരുമ്പ് വന്നതായും കാണപ്പെട്ടു. തുടർന്ന് ഷഹർബാൻ കമ്പനിയെ പ്രതിയാക്കി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസ് നൽകി. 

വാഹനം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിദഗ്ധ സമിതിയെ നിയമിച്ചു.  കാറിൽ പ്രതീക്ഷിച്ചതിലുമധികം തുരുമ്പുണ്ടായിരുന്നെന്നും മെറ്റലിന്റെ പുറത്തെ തുരുമ്പ് പടർന്ന് കാർ കൂടുതൽ നശിക്കുമെന്നും കണ്ടെത്തിയ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച കമ്മീഷൻ പരാതിക്കാരിക്ക് ലഭിച്ച വാഹനം കേടുള്ളതായിരുന്നുവെന്ന് കണ്ടെത്തി. 2022 ഏപ്രിൽ മാസം ഹരിയാനയിലെ പ്ലാന്റിൽ നിന്ന് മൂവാറ്റുപുഴയിലെ മാരുതി സുസുക്കി  അരീനയുടെ ഷോറൂമിലെത്തിച്ച വാഹനം ഏപ്രിൽ 23 മുതൽ ജൂൺ ഏഴുവരെ അവിടെ ഉണ്ടായിരുന്നതായും കണ്ടെത്തി. കേടുപാടുള്ള കാറാണ് നൽകിയതെന്ന് കണ്ടെത്തിയ കമ്മീഷൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനി പരാതിക്കാരിക്ക് പഴയ വാഹനം മാറ്റി പുതിയ കാർ നൽകുകയോ വിലയായ 5,74,000 രൂപ നൽകുകയോ ചെയ്യണമെന്ന് ഉത്തരവിട്ടു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്,കോഴിക്കോട് ഇൻഡസ് മോട്ടോഴ്സ്, മാരുതി സുസുക്കി  അരീന മൂവാറ്റുപുഴ, പൊൻകുന്നം ഷോറൂമുകൾ എന്നിവർ ചേർന്ന് നഷ്ടപരിഹാരമായി 50,000 രൂപയും പരാതിക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനു പരിഹാരമായി 3000 രൂപയും നൽകണമെന്നും അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.