വൈക്കം, ടി.വി.പുരം മേഖലകളിൽ കുട്ടികളുടെ മരണം പകർച്ചപ്പനി മൂലമല്ല: ഡി.എം.ഒ.

വൈക്കം, ടി.വി.പുരം മേഖലകളിലെ രണ്ടുകുട്ടികളുടെ മരണം പകർച്ചപ്പനിമൂലല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  ഇതുസംബന്ധിച്ച് ഒരാശങ്കക്കും അടിസ്ഥാനമില്ല.

 

കോട്ടയം: വൈക്കം, ടി.വി.പുരം മേഖലകളിലെ രണ്ടുകുട്ടികളുടെ മരണം പകർച്ചപ്പനിമൂലല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  ഇതുസംബന്ധിച്ച് ഒരാശങ്കക്കും അടിസ്ഥാനമില്ല.  വൈക്കം നഗരസഭയിൽ കഴിഞ്ഞമാസം 20നു മരിച്ച 13 വയസുകാരന് മൂത്രനാളിയിലെ അണുബാധ മൂർഛിച്ചതുകൊണ്ടുണ്ടായ പ്രശ്‌നങ്ങളാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൃത്യമായ മരണകാരണം അറിയാനാകൂ.

മൂത്രമൊഴിക്കുമ്പോൾ വേദനയെത്തുടർന്നു കുട്ടി ഒക്‌ടോബർ 12നു  പ്രദേശത്തെ സ്വകാര്യ ഹോമിയോ ഡോക്ടറുടെ ചികിത്സ തേടിരുന്നു.  ഡോക്ടറുടെ നിർദ്ദേശപ്രകാരം 14നു നടത്തിയ ലാബ് പരിശോധനയിൽ മൂത്രത്തിൽ പഴുപ്പ് കണ്ടെത്തി. എന്നാൽ വേദന ശമിച്ചതിനെതുടർന്ന് കുട്ടി ഹോമിയോ ചികിത്സ തുടരുകയും വീട്ടിൽ തന്നെ വിശ്രമിക്കുകയും ഒക്‌ടോബർ 20 നു മരിക്കുകയും ചെയ്തു.  മൂത്രത്തിൽ അണുബാധ സ്ഥിരീകരിച്ചാൽ കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടാൻ പ്രത്യേകം  ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. പറഞ്ഞു.

വൈക്കത്തുനിന്നു 5 കിലോമീറ്റർ ദൂരത്തുള്ള ടി.വി.പുരത്ത് ഒക്ടോബർ 25 നു മരിച്ച 11 വയസുകാരിയുടെ മരണം ആശുപത്രി ചികിത്സാ രേഖകൾ പ്രകാരം ന്യുമോകോക്കൽ മെനിഞ്ചൈറ്റിസ് ബാധിച്ചത് കാരണമാണെന്ന് ഡി.എം.ഒ. അറിയിച്ചു. മരണസമയത്ത് പനി, തലവേദന, ഛർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു; ഇത് തലച്ചോറിൽ മെനിഞ്ചൈറ്റിസ് ബാധിച്ചതിനെ ലക്ഷണമാണ്.