ചാമ്പ്യൻസ് ബോട്ട് ലീഗ് ; താഴത്തങ്ങാടിയിലെ മത്സരം ഒക്ടോബർ 24ന്
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ(സി.ബി.എൽ) ഭാഗമായി സെപ്റ്റംബർ 24ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കുന്ന മത്സരത്തിൽ ഒൻപത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും. സി.ബി.എല്ലിൻറെയും താഴത്തങ്ങാടി കോട്ടയം മത്സര വള്ളംകളിയുടെയും തയ്യാറെടുപ്പുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
കോട്ടയം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ(സി.ബി.എൽ) ഭാഗമായി സെപ്റ്റംബർ 24ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കുന്ന മത്സരത്തിൽ ഒൻപത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും. സി.ബി.എല്ലിൻറെയും താഴത്തങ്ങാടി കോട്ടയം മത്സര വള്ളംകളിയുടെയും തയ്യാറെടുപ്പുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
വള്ളംകളി വൻ വിജയമാക്കുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു. വള്ളംകളിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കുന്നതിന് ജനപ്രതിനിധികളും കോട്ടയം വെസ്റ്റ് ക്ലബ് പ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രാദേശിക സമിതി രൂപീകരിച്ചു. മത്സര നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ചുണ്ടൻ വള്ളങ്ങൾക്കുള്ള സമ്മാനം, ബോണസ് തുടങ്ങിയവ നൽകുന്നതിനും വിനോദസഞ്ചാര വകുപ്പ് നടപടി സ്വീകരിക്കും.
മത്സരം നടക്കുന്ന താഴത്തങ്ങാടിയിലെ ട്രാക്കിലെ തടസങ്ങൾ നീക്കം ചെയ്യുന്നതിന് മേജർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി. രണ്ടു കരകളിലുമുള്ള മരച്ചില്ലകളും പുല്ലുകളും വെട്ടി വൃത്തിയാക്കുന്നതിന് കോട്ടയം മുനിസിപ്പാലിറ്റിയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും ക്രമീകരണം ഏർപ്പെടുത്തും.
മത്സര വേദിയിൽ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തുന്നതിന് പോലീസും അഗ്നിരക്ഷാ സേനയും നടപടി സ്വീകരിക്കും. ഫിനിഷിംഗ് പോയിൻറിൽ ആളുകൾ അതിക്രമിച്ചു കടക്കുന്നത് തടയുന്നതിനും ഗതാഗത നിയന്ത്രണത്തിനും പ്രത്യേക മുൻകരുതൽ സംവിധാനമുണ്ടാകും. വള്ളം കളി ട്രാക്കിൻറെ ഭാഗത്ത് ചെറുവള്ളങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ആവശ്യമെങ്കിൽ മുൻവർഷത്തെക്കാൾ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
വള്ളംകളിയുടെ നടത്തിപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സ്പീക്കർ നിർദേശിച്ചു. വള്ളംകളി കഴിഞ്ഞാലുടൻ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ നീക്കം ചെയ്യാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.സ്റ്റാർട്ടിംഗ് പോയിൻറിലും ഫിനിഷിംഗ് പോയിൻറിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിൻറെ സേവനം ഉണ്ടാകും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ്കുമാർ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെയ്മോൻ കരീമഠം, എ.ഡി.എം സോളി ആൻറണി, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ഷീബ പുന്നൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ സജിമോൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ. അബ്ദുൽ കരീം, കോട്ടയം മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷൻ സനിൽ കാണക്കാലിൽ, കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, തിരുവാർപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെമീർ കണിയാമ്പറമ്പിൽ, റഹീമ ബീവി,ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, തഹസിൽദാർ സിറിൾ സഞ്ജു ജോർജ്, കോട്ടയം വെസ്റ്റ് ക്ലബ് ജനറൽ സെക്രട്ടറി ലിയോ മാത്യു, പ്രസിഡൻറ് തോമസ് കെ. വട്ടുകളം, ട്രഷറർ സുനിൽ ഏബ്രഹാം, ടൂറിസ്റ്റ് ഇൻറഫർമേഷൻ ഓഫീസർ എൻ.എച്ച്. നിസാർ, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.