നീതിനിഷേധങ്ങൾക്ക് പരിഹാരംകാണും: വനിതാ കമ്മീഷൻ

വനിതാ കമ്മീഷന് മുന്നിലെത്തുന്ന പരാതികളിൽ ഉൾപ്പെട്ട സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവർക്ക് കൗൺസിലിംഗ് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പി. സതീദേവി.

 

 
കൊല്ലം : വനിതാ കമ്മീഷന് മുന്നിലെത്തുന്ന പരാതികളിൽ ഉൾപ്പെട്ട സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവർക്ക് കൗൺസിലിംഗ് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പി. സതീദേവി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള നീതിനിഷേധങ്ങൾക്ക് പരിഹാരംകാണുന്നതിനായി ജവഹർ ബാലഭവനിൽ നടത്തിയ മഹിളാ ജൻ സുൻവായി പരാതി പരിഹാര 'മെഗാഅദാലത്തിൽ സംസാരിക്കുകയായിരുന്നു ചെയർപേഴ്‌സൺ.

സ്ത്രീകൾക്കെതിരെയുള്ള അക്രമപരാതികളിൽ പോലീസ് കൂടുതൽ ജാഗ്രതയോടെ നടപടിയെടുക്കണം. ജാഗ്രത സമിതികൾ ഇടപെടേണ്ട പരാതികളിൽ പരിഹാരം കാണുന്നുണ്ട്. കൂടുതൽ പരാതി ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിൽ ഈ മാസം മെഗാഅദാലത്ത് സംഘടിപ്പിക്കുമെന്നും അറിയിച്ചു.

പരിഗണിച്ച 150  കേസുകളിൽ 15 എണ്ണം തീർപ്പാക്കി.  20 കേസുകൾ റിപ്പോർട്ടിനയച്ചു. 115 കേസുകൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി ഒരു പരാതി ലഭിച്ചു. കുടുംബപ്രശ്‌നങ്ങൾ, അയൽ തർക്കങ്ങൾ തുടങ്ങിയ കേസുകളാണ് കൂടുതലും പരിഗണിച്ചത്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശത്തോടെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്നാണ് അദാലത്ത് നടത്തിയത്.

അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി കെ.ഹരികുമാർ, അഭിഭാഷകരായ എസ് ഹേമ ശങ്കർ, സീനത്ത് ബീഗം, ശ്രീകുമാർ പള്ളിമൺ, മനു ജയപ്രകാശ്, സർക്കിൾ ഇൻസ്പെക്ടർ ജോസ് കുര്യൻ, കൗൺസിലർ സിസ്റ്റർ സംഗീത, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ജുഡീഷ്യൽ ഓഫീസർ എസ്.ഇന്ദുകല, വനിതാ സെൽ എസ് ഐ കെ.ബദറുനിസ, സിപിഒ മാരായ ആർ.ദീപ നായർ, എസ്.ആശ ഷൈൻ, വനിതാ സെൽ എസ് ഐ ഇൻ ചാർജ് യു. സ്വാതി, ഇത്തിക്കര സിഡിപിഒ പി.ആർ കവിത തുടങ്ങിയവർ പങ്കെടുത്തു.