വിജിലൻസ് വാരത്തിന് തുടക്കമായി: സർക്കാർ ജീവനക്കാർക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഒക്ടോബർ 26 മുതൽ നവംബർ രണ്ട് വരെ വിജിലൻസ് ബോധവത്ക്കരണവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അഴിമതിക്കെതിരെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'അഭിവൃദ്ധിക്ക് ധാർമികത' എന്ന സന്ദേശവുമായാണ് ഈ വർഷം വിജിലൻസ് വാരം ആചരിക്കുന്നത്.
കൊല്ലം : ഒക്ടോബർ 26 മുതൽ നവംബർ രണ്ട് വരെ വിജിലൻസ് ബോധവത്ക്കരണവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അഴിമതിക്കെതിരെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'അഭിവൃദ്ധിക്ക് ധാർമികത' എന്ന സന്ദേശവുമായാണ് ഈ വർഷം വിജിലൻസ് വാരം ആചരിക്കുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. ലഭിക്കുന്ന വരുമാനത്തിൽ സംതൃപ്തി കണ്ടെത്താനും അത് കൃത്യമായ ആസൂത്രണത്തോടെ ചെലവഴിക്കാനും കഴിഞ്ഞാൽ അഴിമതി നടത്തേണ്ടിവരുകയോ പണം പലിശയ്ക്ക് എടുക്കേണ്ടി വരുകയോ ചെയ്യില്ലെന്ന് സബ് കലക്ടർ പറഞ്ഞു. ലോകത്തുള്ള എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ടെന്നും ഒരാളുടെയും ആർത്തിയെ തൃപ്തിപ്പെടുത്താനുള്ളത് ഇല്ലെന്നുമുള്ള വസ്തുത എല്ലാ ജീവനക്കാരും മനസ്സിൽ വെക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
പരിപാടിയിൽ വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി എസ് എസ് ബൈജു അധ്യക്ഷനായി. അഴിമതി കുറ്റകൃത്യമാണ്, അതൊരു സംസ്കാരമല്ല എന്ന വിഷയത്തിൽ റിട്ട. പൊലീസ് സൂപ്രണ്ട് റെക്സ് ബോബി അർവിൻ ക്ലാസ് നയിച്ചു. കൊല്ലം യൂണിറ്റ് ഇൻസ്പെക്ടർമാരായ ജസ്റ്റിൻ ജോൺ, ജയകുമാർ, ജി അനൂപ്, ജോഷി, ഇഗ്നേഷ്യസ്, മറ്റ് വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
രാവിലെ 8.30ന് കൊല്ലം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരെയും മോഡൽ ബോയ്സ്, സെന്റ് അലോഷ്യസ് സ്കൂളുകളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ച് ബോധവത്ക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് സൂപ്രണ്ട് ആർ. ശ്രീകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി 29 ന് രാവിലെ 10ന് കൊല്ലം പൊലീസ് ക്ലബ്ബിൽ വിവിധ വകുപ്പുകളിലെ ഇന്റേണൽ വിജിലൻസ് ഉദ്യോഗസ്ഥർക്കും നവംബർ രണ്ടിന് ജില്ലയിലെ വകുപ്പ് മേധാവികൾക്കും ക്ലാസുകൾ സംഘടിപ്പിക്കും.