'വിജ്ഞാനകേരളം' പദ്ധതിയിലൂടെ തൊഴിൽസാധ്യതകൾ വിപുലീകരിച്ച് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്

തൊഴിൽ അന്വേഷകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി മികച്ച തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'വിജ്ഞാനകേരളം' പദ്ധതിയുമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. 2025-26 സാമ്പത്തിക വർഷം തനത് ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
 

 

കൊല്ലം : തൊഴിൽ അന്വേഷകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി മികച്ച തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'വിജ്ഞാനകേരളം' പദ്ധതിയുമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. 2025-26 സാമ്പത്തിക വർഷം തനത് ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
 
പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ രണ്ട് തൊഴിൽമേളകൾ സംഘടിപ്പിച്ചു. 18 മുതൽ 50 വയസുവരെയുള്ള തൊഴിൽ അന്വേഷകരെ ഉൾപ്പെടുത്തി നടത്തിയ തൊഴിൽമേളകളിൽ വിവിധ മേഖലകളിൽ നിന്നുള്ള 19 കമ്പനികൾ പങ്കാളികളായി. രണ്ട് തൊഴിൽമേളകളിലുമായി ആകെ 93 ഉദ്യോഗാർഥികൾ പങ്കെടുത്തു. തൊഴിൽമേളകളിലൂടെ നിരവധി പേർക്ക് തൊഴിൽ ലഭിച്ചു.

പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്ന് ഇന്റേണുകളെയും നിയോഗിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിൽ അന്വേഷകരെ ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ നിലവിലെ തൊഴിൽസ്ഥിതി സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഇന്റേണുകളുടെ നേതൃത്വത്തിൽ നടത്തിയ വിവരശേഖരണത്തിലൂടെ തൊഴിലുള്ളവരെയും തൊഴിൽരഹിതരെയും തിരിച്ചറിഞ്ഞ് വിശദമായ ഡാറ്റാബേസ് തയ്യാറാക്കി.

അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും തൊഴിൽ നേടുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി ഇന്റർവ്യൂ റെഡിനസ് പ്രോഗ്രാമുകളും പദ്ധതിയുടെ ഭാഗമായി നടത്തി. അതിൽ 12 പേർ പങ്കെടുത്തു. നടപ്പ് സാമ്പത്തിക വർഷവും പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി തനത് ഫണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ  വകയിരുത്തിയിട്ടുണ്ട്.

തൊഴിൽ അന്വേഷകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനായി തുടർന്നും വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി വ്യക്തമാക്കി.