കുട്ടികൾ ഗതാഗതനിയമങ്ങളറിഞ്ഞിരിക്കണം: മന്ത്രി ബിന്ദു കൃഷ്ണ
ഗതാഗതനിയമാവബോധം കുട്ടികളിൽ വളർത്തുംവിധമുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകുമെന്ന്് ക്ഷീരവികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം : ഗതാഗതനിയമാവബോധം കുട്ടികളിൽ വളർത്തുംവിധമുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകുമെന്ന്് ക്ഷീരവികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികളുടെ ഹെൽമെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ടൗൺ യു. പി. സ്‌കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഗതാഗത നിയമപാലനം ചെറുപ്രായത്തിലേ ശീലിക്കണം. ഹെൽമെറ്റ് ഉൾപ്പടെയുള്ള സുരക്ഷാമുൻകരുതലുകൾ ഉറപ്പാക്കുകയുംവേണം. നിരത്തുകളിൽ അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിന് എല്ലാവരും മുൻകൈയെടുക്കണം. പുതിയ ഗതാഗതസംസ്‌ക്കാരം രൂപപെടുത്തേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രചാരകരായിമാറാൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് ഷീബആന്റണി അധ്യക്ഷയായി. സെക്രട്ടറി ഡി ഷൈൻദേവ്, കൊല്ലം എ എസ് പി എസ് ഷാജി, ജോയിന്റ് ആർ ടി ഓ ആർ ശരത്ചന്ദ്രൻ, പി ടി എ പ്രസിഡന്റ് ആർ വൈശാഖ്, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.