ടൂറിസ്റ്റ് ബോട്ടുകൾ സുരക്ഷ ഉറപ്പാക്കണം: കൊല്ലം ജില്ലാ കലക്ടർ
കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ ലഭ്യമാക്കുന്ന സുരക്ഷാമുന്നറിയിപ്പുകൾക്ക് അനുസൃതമായിമാത്രം ടൂറിസ്റ്റ് ബോട്ടുകൾ സർവീസ് നടത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ ആനി ജൂല തോമസ്. പ്രതികൂല കാലാവസ്ഥയിലും ശക്തമായ കാറ്റിലും യാത്രപാടില്ല, സുരക്ഷിതമായ തീരത്തേക്ക് മാറണം.
കൊല്ലം : കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ ലഭ്യമാക്കുന്ന സുരക്ഷാമുന്നറിയിപ്പുകൾക്ക് അനുസൃതമായിമാത്രം ടൂറിസ്റ്റ് ബോട്ടുകൾ സർവീസ് നടത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ ആനി ജൂല തോമസ്. പ്രതികൂല കാലാവസ്ഥയിലും ശക്തമായ കാറ്റിലും യാത്രപാടില്ല, സുരക്ഷിതമായ തീരത്തേക്ക് മാറണം.
സർവീസ് മേഖലയിലെ ജലയാനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവെ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ജീവൻരക്ഷാഉപകരണങ്ങൾ തുടങ്ങിയവ ഉറപ്പാക്കണം. ലൈഫ് ജാക്കറ്റുകളും കരുതണം. ജലയാനങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്ക് ആധികാരിക ലൈസൻസ് നിർബന്ധം. ഉൾകൊള്ളാൻ കഴിയുന്നതിൽകൂടുതൽ യാത്രക്കാരെകയറ്റരുത്. അടിയന്തരഘട്ടങ്ങളിലേക്ക് ജീവൻരക്ഷ-അഗ്‌നിശമന ഉപകരണങ്ങൾ ബോട്ടുകൾക്കുള്ളിൽ സജ്ജമായിരിക്കണം. പൂർണസുരക്ഷാഉത്തരവാദിത്തം ബോട്ടുടമയ്ക്കാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
വളർത്തുമൃഗങ്ങളുടെ സുരക്ഷാഏകോപനത്തിന് കൺട്രോൾറൂം
കാലവർഷക്കെടുതി വിവരങ്ങൾ കൈമാറുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ; ഫോൺ: 0474-279 5076. അടിയന്തരസാഹചര്യത്തിൽ കർഷകർക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായോ താലൂക്കിലെ അസിസ്റ്റന്റ് പ്രോജെക്ട് ഓഫീസർമാരെയോ അനിമൽ ഡിസീസ് കൺട്രോൾ പ്രോജെക്ട് ഓഫീസിലോ ബന്ധപ്പെടാം.
കർഷകർക്കുള്ള മാർഗനിർദേശങ്ങൾ:
1 മൃഗങ്ങളുടെ കൂടുകൾ, തീറ്റ പാത്രങ്ങൾ, വെള്ളം കുടിക്കുന്ന പാത്രങ്ങൾ എന്നിവ വൃത്തിയായിരിക്കണം
2. അവശിഷ്ടങ്ങൾ, കെട്ടിക്കിടക്കുന്നവെള്ളം എന്നിവ നീക്കംചെയ്ത് ശുചിത്വം ഉറപ്പാക്കാം.
3. അണുബാധ-രോഗപ്രതിരോധത്തിന് അണുനാശിനികൾ ഉപയോഗിക്കണം.
4.. ഇടിമിന്നലുള്ളപ്പോൾ മൃഗങ്ങളെ തുറസായസ്ഥലങ്ങളിൽ നിർത്തരുത്.
5. മൃഗങ്ങൾക്കും തൊഴിലാളികൾക്കും സുരക്ഷിതമായ വാസസ്ഥലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരുക്കുക.
6. വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളിൽ മുങ്ങിമരണങ്ങൾതടയുന്നതിന് താഴ്ന്നപ്രദേശങ്ങളിലോ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലോ മൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കുക.
7. വെള്ളപ്പൊക്കമുന്നറിയിപ്പുകൾ നൽകുമ്പോൾ മൃഗങ്ങളെ സുരക്ഷിതവും ഉയർന്നതുമായ സ്ഥലങ്ങളിലേക്ക് മാറ്റുക
8. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ അടിയന്തര സൗകര്യങ്ങളും താൽക്കാലിക ഷെൽട്ടറുകളും ക്രമീകരിക്കാം.
9. അണുബാധയുടേയോ ചർമ്മരോഗങ്ങളുടേയോ പ്രാരംഭലക്ഷണങ്ങൾ കണ്ടെത്താൻ മൃഗങ്ങളെ പതിവായി നിരീക്ഷിക്കുക; സമയബന്ധിതമായി ചികിൽസ ഉറപ്പാക്കുക.
10. ദുർബലമായ ഷെഡുകൾ, മേൽക്കൂരകൾ, തൂണുകൾ എന്നിവ ശക്തിപ്പെടുത്തുക
11. ഷെഡുകൾക്ക് മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റണം
12. കേടുപാടുകൾ സംഭവിച്ച മേൽക്കൂരകൾ, മരത്തടികൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ നന്നാക്കാം
13. മേൽക്കൂരകളിൽ വെള്ളം കെട്ടിക്കിടക്കരുത്
14. കേടുവന്ന ഇലക്ട്രിക്കൽ വയറിംഗുകളും കണക്ഷനുകളും നന്നാക്കുക.
15. ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഈർപ്പമുള്ള സ്ഥലങ്ങളിൽനിന്ന് അകലേക്ക് മാറ്റാം.
16. ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ ശരിയായ എർത്തിംഗും സുരക്ഷിതമായ ഉപയോഗവും ഉറപ്പാക്കണം.
17. തീറ്റയും പുല്ലും ഉണങ്ങിയതും മൂടിയതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക.
18. മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ ഈർപ്പം തങ്ങാതെ സൂക്ഷിക്കുക.
19. സൂക്ഷിച്ചിരിക്കുന്ന തീറ്റയിൽ ഫംഗസ്ബാധയോ കേടുപാടുകളോ ഇല്ല എന്ന് ഉറപ്പാക്കുക.
20. അകിടുവീക്കം, ചർമ്മരോഗങ്ങൾ, മറ്റ് മഴക്കാല ആരോഗ്യപ്രശ്നങ്ങൾ എന്നിവ തടയാൻ മൃഗങ്ങളുടെ കൂടുകൾ എപ്പോഴും വൃത്തിയാക്കണം
21. മൃഗങ്ങൾ ഈർപ്പവും ചെളി നിറഞ്ഞതുമായ സാഹചര്യങ്ങളിൽ ദീർഘനേരം കഴിയുന്നത് ഒഴിവാക്കുക.