ഓച്ചിറ പരബ്രഹ്മക്ഷേത്രം വൃശ്ചികോത്സവം: ശുചിത്വ-സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വം, ഇതരസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ എഡിഎം ജി. നിർമൽകുമാർ നിർദേശിച്ചു.
കൊല്ലം : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വം, ഇതരസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ എഡിഎം ജി. നിർമൽകുമാർ നിർദേശിച്ചു. ചേമ്പറിൽ ചേർന്ന അടിയന്തര യോഗത്തിൽ ക്ഷേത്രക്കുളത്തിന്റെ ശുചിത്വവും ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി. തുടർനടപടികൾക്ക് ശുചിത്വമിഷന്റെ സഹകരണത്തിനും നിർദേശിച്ചു.
തിരക്ക് കണക്കിലെടുത്ത് കുളത്തിന് ചുറ്റും സുരക്ഷാനിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കണം. ബോധവൽക്കരണ നോട്ടീസുകളും വിതരണം ചെയ്യണം.ഓച്ചിറ സ്‌പെഷ്യൽ പോലീസ് ഫോഴ്‌സ്, കരുനാഗപ്പള്ളി അഗ്‌നിശമന സേനാസംഘം, ഹെൽത്ത് ഇൻസ്‌പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘം എന്നിവരെ നിയോഗിച്ചു. കരുനാഗപ്പള്ളി, ചവറ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ നിന്നും പരിശോധന നടത്തണം. ക്ഷേത്രപരിസത്തെ ഭക്ഷണവിപണനകേന്ദ്രങ്ങൾക്ക് ലൈസൻസ് ഉറപ്പാക്കുകയുംവേണം എന്ന് അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തു.