ശുചീകരണ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സംയോജിത പദ്ധതി വേണം: സഫായി കരംചാരീസ് സംസ്ഥാന നോഡൽ ഓഫീസർ
ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ വകുപ്പുകൾ ചേർന്ന് സംയോജിത പദ്ധതി തയ്യാറാക്കണമെന്ന് നാഷണൽ കമ്മിഷൻ ഫോർ സഫായി കരംചാരീസ് സംസ്ഥാന നോഡൽ ഓഫീസർ അഡ്വ. ഗോപി കൊച്ചുരാമൻ.
കൊല്ലം : ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ വകുപ്പുകൾ ചേർന്ന് സംയോജിത പദ്ധതി തയ്യാറാക്കണമെന്ന് നാഷണൽ കമ്മിഷൻ ഫോർ സഫായി കരംചാരീസ് സംസ്ഥാന നോഡൽ ഓഫീസർ അഡ്വ. ഗോപി കൊച്ചുരാമൻ. സംസ്ഥാന നോഡൽ ഓഫീസറുടെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ മനസ്സിലാക്കി വേണം പദ്ധതികൾ തയ്യാറാക്കാനെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. പുള്ളിക്കട കോളനിയിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ഇപ്പോഴും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളിൽ അഭിമാനബോധം വളർത്താൻ കഴിയുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടത്. മികച്ച വേതനം, പാർപ്പിട സൗകര്യം, തൊഴിൽ സുരക്ഷ ഉപകരണങ്ങൾ, യൂണിഫോം, കൃത്യമായ ഇടവേളകളിലുള്ള മെഡിക്കൽ ചെക്കപ്പ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാവണം. ജില്ലയിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ആരംഭിക്കണമെന്നും ശുചീകരണ തൊഴിലാളികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ വിവിധ സ്‌കീമുകളിൽ ഉൾപ്പെടുത്തി ലോൺ സംവിധാനം ഒരുക്കണമെന്നും നോഡൽ ഓഫീസർ നിർദേശിച്ചു.
വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ഭാരതീയ സഫായി കരംചാരീസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടർമാരായ കരുമം രവീന്ദ്രൻ, തോമസ് ജോസഫ്, ഡിഡി എൽ എസ് ജി ഡി ബി അജയകുമാർ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ എ ഷാനവാസ്, സഫായി കരം ചാരി ആന്ദോളൻ സംസ്ഥാന കൺവീനർ ഡോ. സുന്ദരരാജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, നഗരസഭാ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.