വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ചെലവഴിച്ചത് 2565 കോടി രൂപ: മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി ഫണ്ടിൽ നിന്നും 2565 കോടി രൂപ ചെലവഴിച്ചെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

 

കൊല്ലം : പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി ഫണ്ടിൽ നിന്നും 2565 കോടി രൂപ ചെലവഴിച്ചെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഭരണിക്കാവ് ജെ എം എച്ച് എസ് സ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരക മന്ദിര ഉദ്ഘാടനവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബജറ്റിൽ 1128.71 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. സ്‌കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമേ 20000 കൂടി വിതരണം ചെയ്യാൻ കൈറ്റിന് 38.5 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് തുക വർധിപ്പിച്ച് 410.66 കോടി നൽകും. പ്രീ പ്രൈമറി അധ്യാപകർക്കും പാചക തൊഴിലാളികൾക്കും വേതനംവർധനവ് ഉറപ്പാക്കി. ഗോത്രമേഖലയിലെ വിദ്യാർഥികൾക്കായുള്ള സ്‌പെഷ്യൽ എന്റിച്ച്‌മെന്റ് പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 62 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന തരത്തിലാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും മന്ത്രി പറഞ്ഞു.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷനായി. സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൻ കെ.സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിന്റെ ചരിത്രങ്ങളടങ്ങിയ ‘സ്മൃതി' സുവനീർ മന്ത്രിയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിശിഷ്ട വ്യക്തികൾക്ക് ഉപഹാരവും സമർപ്പിച്ചു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ കലാദേവി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. അരവിന്ദ്, ബി.എസ് അമൃതപ്രിയ, തുടങ്ങിയവർ പങ്കെടുത്തു.