മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണത്തിൽ നടപടി സ്വീകരിക്കും: മന്ത്രി ഷിബു ബേബി ജോൺ

ളച്ചൽ, മുട്ടം തീരപ്രദേശങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾക്കും മത്സ്യത്തൊഴിലാളികൾക്കും നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ.

 

കൊല്ലം :കുളച്ചൽ, മുട്ടം തീരപ്രദേശങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾക്കും മത്സ്യത്തൊഴിലാളികൾക്കും നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കെ എം എം എൽ ഗസ്റ്റ് ഹൗസിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന ബോട്ടുകൾക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.

വിഷയത്തിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടർ കന്യാകുമാരി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കും. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും ഇടപെടലുണ്ടാകും. നിയമം കൈയിലെടുക്കുന്ന പ്രവണത അനുവദിക്കില്ല. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അതിനെതിരെ സമഗ്ര നിയമപരിഷ്‌കരണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.മറൈൻ ഇൻസ്‌പെക്ടർ എസ് അരുൺ, എസ് ഐ ഷിഹാസ്, ചവറ സി ഐ ശിവലാൽ, കൗൺസിലർമാർ, മത്സ്യ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.