തെക്കുംഭാഗം പഞ്ചായത്തിനെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തും: മന്ത്രി ഷിബു ബേബി ജോൺ
തെക്കുംഭാഗം ഗ്രാമപഞ്ചായത്തിനെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനം, വന്യജീവി മന്ത്രി ഷിബു ബേബി ജോൺ. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വികസന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊല്ലം : തെക്കുംഭാഗം ഗ്രാമപഞ്ചായത്തിനെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനം, വന്യജീവി മന്ത്രി ഷിബു ബേബി ജോൺ. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വികസന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിൽ ബഡ്സ് സ്കൂളുകൾക്ക് പുറമേ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററും ആരംഭിക്കും. അഷ്ടമുടി തീരദേശ റോഡ് പദ്ധതി നടപ്പാക്കുമെന്നും ആരോഗ്യ മേഖലയിലെ വികസനത്തിന് സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രാദേശിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം യോഗത്തിൽ മന്ത്രിക്ക് കൈമാറി. നടക്കാവ് പൊതുമാർക്കറ്റ് നവീകരണം, ശാസ്ത്രീയ മാലിന്യസംസ്കരണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തൽ, തെരുവുനായകൾക്ക് ഷെൽട്ടർ ഹോം, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം, ഹെൽത്ത് സെന്ററിന്റെ പ്രവർത്തനസമയം ദീർഘിപ്പിക്കൽ, പൊതുശ്മശാനത്തിന്റെ നവീകരണം തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ അവതരിപ്പിച്ചത്.
തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളൻ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ടി ശിവകുമാർ പഞ്ചായത്തിന്റെ പ്രധാന വികസന ആവശ്യങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അരുൺ രാജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.