പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തലമുറ അനിവാര്യം: മന്ത്രി ഷിബു ബേബി ജോൺ

നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും   ഉത്തരവാദിത്തമായി ഏറ്റെടുക്കുന്ന പുതിയ തലമുറയാണ് സമൂഹത്തിന്റെ    പ്രതീക്ഷയെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

 

കൊല്ലം : നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും   ഉത്തരവാദിത്തമായി ഏറ്റെടുക്കുന്ന പുതിയ തലമുറയാണ് സമൂഹത്തിന്റെ    പ്രതീക്ഷയെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ചവറ ശങ്കരമംഗലം സർക്കാർ  ഹയർ സെക്കൻഡറി സ്‌കൂളിൽ   സ്റ്റുഡന്റ് പൊലീസ് കെഡറ്റ് (എസ്.പി.സി) പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. സമയനിഷ്ഠയും അച്ചടക്കവുമുള്ള ഉത്തമ പൗരരെ വാർത്തെടുക്കുന്നതാണ്    പദ്ധതിയുടെ സവിശേഷത. 

 പരിസ്ഥിതി സംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വനമേഖലകളിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിക്കും.  വിദ്യാലയങ്ങളിലെ സോഷ്യൽ ഫോറസ്ട്രി ക്ലബ്ബുകളുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കും.  പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെല്ലാം വിദ്യാർത്ഥികളെ പങ്കാളികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മികച്ച പ്രകടനം നടത്തിയ കെഡറ്റുകൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐറിൻ, വാർഡ് അംഗം ജയിംസ് ജോസഫ് ,  ചവറ   എസ്.എച്ച്.ഒ മനോജ്, എസ്.പി.സി  ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ രാജേഷ്, സ്‌കൂൾ പ്രിൻസിപ്പൽ അർച്ചന, ഹെഡ്മിസ്ട്രസ് എലിസബത്ത് ഉമ്മൻ, പി.ടി.എ  ഭാരവാഹികൾ , എസ്.പി.സി ഗാർഡിയൻ പ്രസിഡന്റ് നാസറുദ്ദീൻ, സി.പി.ഒ ജിജി, എ.സി.പി.ഒ രാജേന്ദ്രൻ, സഹീർ തുടങ്ങിയവർ പങ്കെടുത്തു.