സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അപകടചികിത്സ ഉറപ്പാക്കും : മന്ത്രി ഷിബു ബേബി ജോൺ

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും അപകടചികിത്സ ഉറപ്പാക്കുന്നത് പരിഗണനയിലെന്ന് വനം-വന്യജീവിസംരക്ഷണ-നൈപുണ്യ-കശുവണ്ടി വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

കൊല്ലം : സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും അപകടചികിത്സ ഉറപ്പാക്കുന്നത് പരിഗണനയിലെന്ന് വനം-വന്യജീവിസംരക്ഷണ-നൈപുണ്യ-കശുവണ്ടി വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ആരോഗ്യമേഖലയുടെ തുടർവികസനപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും.   നീണ്ടകര ആശുപത്രിയുടെ തുടർവികസനം വേഗത്തിലാക്കും. ഏഴ് ഡയാലിസിസ് ഉപകരണങ്ങൾ നിലവിലുണ്ട്. സ്വകാര്യമേഖലയുടെ സഹകരണത്തോടെ സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡയാലിസിസ് യൂണിറ്റിൽ കൂടുതൽ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനും നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.    മുഖ്യപ്രഭാഷണവും ഡയാലിസിസ് യൂണിറ്റിന്റെ സ്വിച്ച് ഓണും എൻ.കെ പ്രേമചന്ദ്രൻ എംപി നിർവഹിച്ചു.

സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ പേരിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് നീണ്ടകര താലൂക്ക് ആശുപത്രിയിൽ തുടങ്ങിയ സ്‌നേഹസ്മൃതി ഡയാലിസിസ് സെന്റർ ചവറ ഐ ആർ ഇ എല്ലിന്റെ സാമൂഹ്യ സുരക്ഷാനിധിയിൽ നിന്ന് ഒരു കോടി രൂപ ചിലവഴിച്ചാണ് പൂർത്തിയാക്കിയത്.

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് അധ്യക്ഷയായി. ആലിൻ ഷെറിന്റെ മാതാപിതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി ആദരിച്ചു. ഐ.ആർ.ഇ എൽ ജനറൽ മാനേജർ എൻ. എസ് അജിത് പദ്ധതി വിശദീകരിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ഡകത്തിൽ, സ്ഥിരംസമിതി അധ്യക്ഷ മേരി ചെറിയാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശിവലാൽ (നീണ്ടകര), അംബികാദേവി (ചവറ), വിജയശ്രീ മംഗളൻ (തെക്കുംഭാഗം), ജില്ലാ പഞ്ചായത്ത് അംഗം ഐ ജയലക്ഷ്മി,  സ്ഥിരംസമിതി അധ്യക്ഷരായ എസ് രേഖ, ശരത്ത് പട്ടത്താനം, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.