കൂടുതൽ സ്‌കൂളുകളിലേക്ക് വിദ്യാർഥിപൊലിസ്: മന്ത്രി പി സി വിഷ്ണുനാഥ്

​​​​​​​

വിദ്യാർഥിപൊലിസ്(എസ്.പി.സി)പദ്ധതി കൂടുതൽസ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്.

 

കൊല്ലം : വിദ്യാർഥിപൊലിസ്(എസ്.പി.സി)പദ്ധതി കൂടുതൽസ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. പുന്തലത്താഴം മീനാക്ഷിവിലാസം സ്‌കൂളിലെ കെഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡിൽ  അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികളെ അച്ചടക്കവും സാമൂഹികപ്രതിബദ്ധതയുമുള്ളവരാക്കാൻ പദ്ധതി പ്രയോജനപ്പെടുന്നുണ്ട്. പൗരബോധം, നേതൃപാടവം, ചിന്താശേഷി, സേവനസന്നദ്ധത എന്നിവയും വളർത്തിയെടുക്കാനാകുന്നു. മാതൃകാപരമായ പദ്ധതിയുടെ മികവുറപ്പാക്കിയുള്ളപുരോഗതിക്ക് സർക്കാർ എല്ലാപിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു.പരിശീലനം പൂർത്തീകരിച്ച 44 കെഡറ്റുകൾ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എ ഷീന സത്യവാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ നിഖിത ജി. പ്രോമോദിന്റെ  അകമ്പടിയോടെ മന്ത്രി പരേഡ് പരിശോധിച്ചു.

കൊറ്റങ്കര പഞ്ചായത്ത് അംഗം റസീന റാഫി, കിളികൊല്ലൂർ എസ്.എച്ച്.ഒ ജയപ്രകാശ്,  എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ രാജേഷ്, പി.ടി.എ പ്രസിഡന്റ് എം.എസ് മിഥിലാജ്, എസ്.പി.സി പ്രോഗ്രാം ഓഫീസർ ഷഹീർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജി.സജി, വി.ആർ ബിന്ദുമോൾ, എസ്.ഐ വൈ സാബു,  ഡ്രിൽ ഇൻസ്ട്രക്റ്റർമാരായ സംഗീത്, അനിതകുമാരി, എ.എസ്.ഐമാരായ എം ജെ ബിജോയ്, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.