ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ എസ് പി സിയും പങ്കാളി: മന്ത്രി പി സി വിഷ്ണുനാഥ്

സർക്കാരിന്റെ  ലഹരിവിരുദ്ധപദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും പങ്കാളികളാണെന്നു ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്.

 

 
കൊല്ലം : സർക്കാരിന്റെ  ലഹരിവിരുദ്ധപദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും പങ്കാളികളാണെന്നു ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. മുഖത്തല ചെല്ലപ്പൻപിള്ള സ്മാരക ഹൈസ്‌കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ (എസ് പി സി) പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്കാഡമിക് മേഖലയോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും വിദ്യാർഥികൾ വ്യാപൃതരാകണം.  

രാജ്യത്തിന് മാതൃകയായ എസ് പി  സി പദ്ധതി കുട്ടികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സേവനമനോഭാവം എന്നിവ വളർത്തിയെടുക്കാനും അവരെ മികച്ച പൗരരാക്കാനും സഹായകമാണ്. ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തുന്ന ഓപ്പറേഷൻ തൂഫാനുമായി കൈകോർത്ത് വിദ്യാർത്ഥികളെ ലഹരിയുടെ സ്വാധീനത്തിൽ നിന്നും അകറ്റാൻ എസ് പി സി കേഡറ്റുകൾക്ക് കഴിയണമെന്നും മന്ത്രി ഓർമിപ്പിച്ചു. കേഡറ്റുകളുടെ സല്യൂട്ട് മന്ത്രി സ്വീകരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി മുഖ്യാതിഥിയായി. ചാത്തന്നൂർ അസി പോലീസ് കമ്മിഷണർ ആർ എസ് അനുരൂപ്, കൊട്ടിയം പൊലിസ് ഇൻസ്പെക്ടർ എസ് നിയാസ്, എസ് പി സി എ ഡി എൻ ഓ ബി രാജേഷ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് സി എസ് ഷിജി തുടങ്ങിയവർ പങ്കെടുത്തു.