ഇക്കുറി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മത്സരം തീപാറും: മന്ത്രി പി സി വിഷ്ണുനാഥ്

ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും പ്രസിഡൻസ് ട്രോഫി വള്ളംകളിയും നാളെ നവംബർ 21 ഉച്ചയ്ക്ക് രണ്ടു മണിക്ക് അഷ്ടമുടിക്കായലിൽ നടക്കുമെന്നും ഇക്കുറി മത്സരം തീപാറുമെന്നും ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. 

 


കൊല്ലം : ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും പ്രസിഡൻസ് ട്രോഫി വള്ളംകളിയും നാളെ നവംബർ 21 ഉച്ചയ്ക്ക് രണ്ടു മണിക്ക് അഷ്ടമുടിക്കായലിൽ നടക്കുമെന്നും ഇക്കുറി മത്സരം തീപാറുമെന്നും ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. കെ എസ് ആർ ടി സി ബസ്റ്റാന്റിന് സമീപമുള്ള ഡി ടി പി സി ഫെസിലിറ്റേഷൻ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയുടെ ഇതുവരെയുള്ള മത്സരങ്ങൾ വലിയ ആവേശത്തിലാണ് പൂർത്തിയായത്. മുൻകാലങ്ങളെക്കാൾ വലിയ ജനകീയ പങ്കാളിത്തമാണ് എല്ലാ ജലോത്സവങ്ങളിലും ഉണ്ടായത്. വളരെയധികം സാങ്കേതികത്വം നിറഞ്ഞതാണ്  വള്ളംകളി മത്സരം. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കഴിഞ്ഞ 10 മത്സരങ്ങളും പരാതിരഹിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഒന്ന് രണ്ട് സ്ഥാനങ്ങൾ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി ഫൈനൽ മത്സരം ആവേശോജ്ജ്വലമാവും.

ടൂറിസം മേഖലയ്ക്ക് വള്ളംകളി വലിയ പിന്തുണയും പ്രാധാന്യവും നൽകുന്നുണ്ട്. വിദേശ വിനോദസഞ്ചാരികൾക്ക് അവരുടെ ട്രാവൽ പ്ലാൻ ചെയ്യാനുള്ല സൗകര്യം കൂടി കണക്കിലെടുത്ത് അടുത്ത വർഷം മുതൽ നെഹ്റു ട്രോഫി ജലോത്സവം മുൻപ് നടന്നിരുന്നത് പോലെ ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയും പ്രസിഡൻസ് ട്രോഫി നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിലും സ്ഥിരമായി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.  വള്ളംകളിക്ക് വലിയ സാമ്പത്തിക പിന്തുണയാണ് സർക്കാർ നൽകുന്നത്. സമ്മനത്തുക കൂടാതെ ഏതാണ്ട് ഒരു സീസൺ കളിക്കുന്ന ഒരു ചുണ്ടൻ വള്ളത്തിന് 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ബോണസ് ഇനത്തിൽ ഗവൺമെന്റിൽ നിന്ന് ലഭിക്കും.കൊല്ലത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്.  ബാക്ക് വാട്ടർ ടൂറിസം, ബീച്ച് ടൂറിസം, അഡ്വഞ്ചർ ടൂറിസം, പിൽഗ്രിമേജ് ടൂറിസം തുടങ്ങിയവയൊക്കെ ജില്ലയിൽ ശക്തിയാർജിക്കുകയാണ്. കൊല്ലത്തിന്റെ സാമ്പത്തിക പുരോഗതി ടൂറിസം സെക്ടറിൽ കൂടിയായിരിക്കും. പരമ്പരാഗത വ്യവസായങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനൊപ്പം ടൂറിസം മേഖലക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.