അംബേദ്കറിന്റെ ദർശനങ്ങളുമായി അക്കാദമിക് ചെയർ: മന്ത്രി കെ.എൻ ബാലഗോപാൽ
അംബേദ്കറിന്റെ ദർശനങ്ങൾ ഉൾക്കൊള്ളുന്നതിന് അക്കാദമിക് ചെയർ സഹായകരമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. 'ഡോ. ബി ആർ അംബേദ്കർ ഇന്റർനാഷണൽ അക്കാദമിക് ചെയറിന്റെ ഉദ്ഘാടനം കൊട്ടാരക്കര കില സി എച്ച് ആർ ഡി യിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം : അംബേദ്കറിന്റെ ദർശനങ്ങൾ ഉൾക്കൊള്ളുന്നതിന് അക്കാദമിക് ചെയർ സഹായകരമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. 'ഡോ. ബി ആർ അംബേദ്കർ ഇന്റർനാഷണൽ അക്കാദമിക് ചെയറിന്റെ ഉദ്ഘാടനം കൊട്ടാരക്കര കില സി എച്ച് ആർ ഡി യിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കറിന്റെ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും വിലയിരുത്തലുകൾക്കും പ്രാധാന്യമേറുകയാണ്, സാമൂഹികഇടപെടലുകളും നിയമരംഗത്തെ പാണ്ഡിത്യവും ചർച്ച ചെയ്യാനും ആവശ്യമായ രേഖകൾ ശേഖരിക്കാനുമുള്ള ഇടമായി ഇവിടം വളരുമെന്ന് മന്ത്രി വ്യക്തമാക്കി.തദ്ദേശസ്വയംഭരണ, എക്‌സൈസ് പാർലമെന്ററികാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് ഓൺലൈനായി പങ്കെടുത്ത് അധ്യക്ഷനായി. ഭരണഘടനാമൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം അനിവാര്യമാണ്. സമ്പൂർണ സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും രാജ്യത്ത് ആദ്യം കൈവരിച്ച കേരളം, ഭരണഘടനാസാക്ഷരതയിലും മാതൃകയായിത്തീരാൻ അക്കാദമിക് ചെയർ വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.സിനിമാ-സാംസ്‌കാരിക പ്രവർത്തകൻ പ്രകാശ്‌രാജ് മുഖ്യാതിഥിയായി. അനീതികൾക്കെതിരെ എല്ലാ കാലത്തും ശക്തമായ നിലപാടുകൾ സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി വിഷൻ ഡോക്യുമെന്റ് പ്രകാശനം ചെയ്തു. കില സി എച്ച് ആർ ഡി ഡയറക്ടർ വി.സുദേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.
‘ഇന്ത്യൻ ഭരണഘടനയും ഡോ.ബി ആർ അംബേദ്കറും' വിഷയത്തിലുള്ള സെമിനാർ ഭരണഘടനാ വിദഗ്ധൻ ഡോ. ജി മോഹൻഗോപാൽ ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ, ലൈബ്രറി കൗൺസിൽ പ്രതിനിധി കെ. പി സജിനാഥ്, അഡ്വ സി.കെ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ് സുബോധ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശശികല, വി.വിദ്യ, ദിവ്യ ചന്ദ്രശേഖർ, കില ഡയറക്ടർ ജനറൽ എ.നിസാമുദീൻ, കില സി എസ് ഇ ഡി പ്രിൻസിപ്പൽ കെ.അനു തുടങ്ങിയവരും സാന്നിധ്യമായി.