പട്ടികജാതി വിഭാഗത്തിൽപ്പെട്ട 10,000 കുടുംബങ്ങൾക്ക് ഭവനപദ്ധതി ഉടൻ : മന്ത്രി കെ എ തുളസി

ഭവനരഹിതരായ 10,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിനുള്ള പരിഷ്‌കരിച്ച സമഗ്രപദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ എ തുളസി. അഞ്ചലിൽ ആരംഭിച്ച കേരള സംസ്ഥാന പട്ടികജാതിപട്ടികവർഗ വികസന കോർപ്പറേഷന്റെ പുതിയ

 

കൊല്ലം :ഭവനരഹിതരായ 10,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിനുള്ള പരിഷ്‌കരിച്ച സമഗ്രപദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ എ തുളസി. അഞ്ചലിൽ ആരംഭിച്ച കേരള സംസ്ഥാന പട്ടികജാതിപട്ടികവർഗ വികസന കോർപ്പറേഷന്റെ പുതിയ മേഖല ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  12 മാസത്തിനകം നിർമാണം പൂർത്തിയാക്കുന്ന തരത്തിൽ ഘട്ടങ്ങളായാകും ഭവന പദ്ധതിയുടെ തുക നൽകുക. ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനും വീടുവയ്ക്കുന്നതിനുമായി പ്രത്യേക ധനസഹായ പദ്ധതി ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 15 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ 75 ശതമാനം സബ്സിഡി നൽകുന്ന 'ദാക്ഷായണി വേലായുധൻ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചതായി മന്ത്രി അറിയിച്ചു. വായ്പ കുടിശ്ശികയുള്ളവർക്ക് പലിശയിളവോടെ തിരിച്ചടയ്ക്കാൻ അവസരമൊരുക്കുന്ന ഫയൽ അദാലത്തുകളുടെ അടുത്ത ഘട്ടം ഒക്ടോബർ എട്ടിന് ശേഷം സംഘടിപ്പിക്കും.


വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് ഇനത്തിൽ ഇതിനകം 370 കോടിയോളം രൂപ വിതരണം ചെയ്തുവെന്നും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും എ ഐ അടക്കമുള്ള ആധുനിക സാങ്കേതിക കോഴ്സുകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വകുപ്പ് ഫണ്ടുകൾ ലാപ്സാകുന്നത് തടയാൻ കർശന നിയമനിർമാണം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ അജയ് പ്രസാദ് സി എം എൽ എ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ പ്രതിനിധി വി പി  സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജ്യോതി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.