പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പുകൾ മുഖേന നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ എ തുളസി

പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പുകൾ ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി

 

കൊല്ലം : പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പുകൾ ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. ഈ വകുപ്പുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനപുരോഗതി അവലോകനം ചെയ്യാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതികളിൽ ഫണ്ട് വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കണം. കോർപ്പസ് ഫണ്ട് പൂർണമായും ചെലവഴിക്കാനുള്ള നടപടികൾ സ്വീകരിക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടി രൂപയുടെ പുതിയ ഭവനപദ്ധതി സർക്കാരിന്റെ അഭിമാന പദ്ധതിയാണെന്നും വേണ്ടത്ര മുന്നൊരുക്കത്തോടെ ഇത് നടപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും ഗ്രാൻഡുകളും സമയബന്ധിതമായി വിതരണം ചെയ്യണം. സേഫ്, പഠനമുറി പദ്ധതികൾ കാര്യക്ഷമമായി നടപ്പാകുന്നുണ്ടോയെന്ന് ഫീൽഡുതല സന്ദർശനങ്ങളിലൂടെ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പുകളുടെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കണമെന്നും ഇതിനായുള്ള പ്രചാരണം ശക്തിപ്പെടുത്തുന്നത് ഗുണഭോക്താക്കൾക്ക് സഹായകമാകുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. പുതുതായി നിയമിതരാകുന്ന എസ് സി, എസ് ടി പ്രമോട്ടർമാർക്ക് വകുപ്പുകളുടെ പദ്ധതികൾ സംബന്ധിച്ചടക്കം കൃത്യമായ പരിശീലനം നൽകിയാകും ജോലിക്കായി നിയോഗിക്കുകയെന്നും അവർ വഴി കൂടുതൽ ഗുണഭോക്താക്കളിലേക്ക് പദ്ധതികൾ എത്തിക്കുമെന്നും മന്ത്രി മറുപടി നൽകി. അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലെ ചില മാനദണ്ഡങ്ങൾ പദ്ധതി നടത്തിപ്പിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെക്കുന്നുണ്ടെന്ന് യോഗത്തിൽ സംസാരിച്ച വിഷ്ണു മോഹൻ എം എൽ എ പറഞ്ഞു. അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലെ മാനദണ്ഡങ്ങളിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ചില പദ്ധതികൾ പൂർത്തിയാക്കാൻ വലിയ കാലതാമസം ഉണ്ടാകുന്നതായി ഉല്ലാസ് കോവൂർ എം എൽ എ യോഗത്തിൽ ചൂണ്ടിക്കാട്ടി. നിർവഹണ ഏജൻസികൾ ചില പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവിയും പറഞ്ഞു. ഇക്കാര്യങ്ങളടക്കം പരിശോധിക്കാൻ സർക്കാർ അംഗീകരിച്ച നിർവഹണ ഏജൻസികളുടെ യോഗം സംസ്ഥാനതലത്തിൽ വിളിച്ചുചേർക്കുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷിബു ആർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ പി ഷാജി, ജില്ലാ പട്ടികവർഗ വികസന ഓഫീസർ രാഘവൻ കെ വി എന്നിവർ അതത് വകുപ്പുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎമാരായ കെ എൻ ബാലഗോപാൽ, ബി ബി ഗോപകുമാർ, ജില്ലാ കലക്ടർ ആനി ജൂല തോമസ് തുടങ്ങിയവരും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി തൃദീപ് കുമാർ, പത്തനാപുരം എംഎൽഎ ജ്യോതികുമാർ ചാമക്കാലയുടെയും ചടയമംഗലം എംഎൽഎ എം എം നസീറിന്റെയും പ്രതിനിധികൾ, പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് എ നജീം, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ് എസ്, ജില്ലാ പ്ലാനിങ് ഓഫീസർ ഉല്ലാസ് ജി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.