കന്നുകാലി-വളർത്തുമൃഗവ്യാപാരത്തിന് ഓൺലൈൻ പ്ലാറ്റ്‌ഫോം : മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്ത് ആദ്യമായി കന്നുകാലി-വളർത്തുമൃഗവ്യാപാരത്തിന് ഓൺലൈൻ പ്ലാറ്റ്‌ഫോം ഏർപ്പെടുത്തിയെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.

 

കൊല്ലം : സംസ്ഥാനത്ത് ആദ്യമായി കന്നുകാലി-വളർത്തുമൃഗവ്യാപാരത്തിന് ഓൺലൈൻ പ്ലാറ്റ്‌ഫോം ഏർപ്പെടുത്തിയെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡിന്റെ ‘ലാപ്‌ടോപ്പ്' (ലൈവ്‌സ്റ്റോക്ക് ആൻഡ് പെറ്റ്‌സ് ട്രേഡിംഗ് ഓൺലൈൻ പ്ലാറ്റ്‌ഫോം) മൊബൈൽ ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം പ്രസ് ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയെ മൊബൈൽ ആപ്ലിക്കേഷൻ മുഖേന വാങ്ങാൻ കഴിയുന്ന സംവിധാനമാണിത്. കർഷകർക്കും മൃഗങ്ങളെവളർത്താൻ താൽപര്യപ്പെടുന്നവർക്കും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

കന്നുകാലി വിപണനമേഖല ഡിജിറ്റലൈസ് ചെയ്യുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണമുണ്ട്. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇടയിൽ സുരക്ഷിതവും സുതാര്യവുമായ ഇടപാടുകൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. വംശപരമ്പര, വാക്സിനേഷൻനില, ആരോഗ്യസർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയതിനാൽ കർഷകർക്ക് കൃത്യമായ വിപണിഅധിഷ്ഠിത വില അറിയാനാകും.
വെബ് ആപ്ലിക്കേഷനായും ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയ മൊബൈൽ ആപ്ലിക്കേഷനായുമാണ് പ്രവർത്തനം. ആവശ്യാനുസരണം ഐഒഎസ് പതിപ്പും വികസിപ്പിക്കും. ഐഒഎസ് യൂസർക്ക് നിലവിൽ വെബ് പ്ലാറ്റ്‌ഫോം വഴി ആപ്ലിക്കേഷൻ ഉപയോഗിക്കാം. വിൽപനക്കാർ മൃഗങ്ങളുടെ ഇനം, തരം, ആരോഗ്യ വിവരങ്ങൾ, ഫോട്ടോ, വീഡിയോ, വാക്‌സിനേഷൻ വിവരങ്ങൾ, ഇൻഷുറൻസ് പരിരക്ഷ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഏറ്റവും അടുത്തുള്ള കന്നുകാലികളേയും വളർത്തുമൃഗങ്ങളേയും വേഗത്തിൽ കണ്ടെത്താനുള്ള സെർച്ച്-ഫിൽറ്റർ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ പ്ലാറ്റ്‌ഫോം വഴിയുള്ള എല്ലാ സേവനങ്ങളും സൗജന്യമാണ്. കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡിനാണ് മേൽനോട്ടചുമതല.  

കന്നുകാലികൾ, ഇതര വളർത്തുമൃഗങ്ങൾ, തീറ്റകൾ, ഫീഡ് സപ്ലിമെന്റുകൾ, ഉപകരണങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വ്യാപാരം നടത്താനുമാകും.  എല്ലാ ഇടപാടുകളും ഡിജിറ്റൽ രേഖകളായി സൂക്ഷിക്കാനും കഴിയും. നിരോധിത ഷെഡ്യൂൾഡ് മൃഗങ്ങൾ, പക്ഷികൾ, മറ്റു ജീവികൾ എന്നിവയുടെ അനധികൃത വ്യാപാരം തടയുന്നതിനായി പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ജീവികളെ ലിസ്റ്റ് ചെയ്യില്ലെന്നുള്ള സത്യവാങ്മൂലം വിൽപ്പനക്കാർ സമർപിക്കണം. നിർമിതബുദ്ധി അടിസ്ഥാനത്തിലുള്ള നിരീക്ഷണസംവിധാനങ്ങളും വിവിധ ഭാഷകളിൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള ബഹുഭാഷാ പിന്തുണയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളാണ് ഉള്ളത്. ആവശ്യാനുസരണം മറ്റു ഭാഷകളും ലഭ്യമാക്കുന്ന വിധത്തിലാണ് ആപ്ലിക്കേഷന്റെ രൂപകൽപ്പന.
കെ.എൽ.ഡി.ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ് അധ്യക്ഷനായി. ജനറൽ മാനേജർ ഡോ.സജീവ് കുമാർ, മാനേജർ പേഴ്‌സനൽ ഡോ. ഡി. ജയകുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻ കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.