വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തും: മന്ത്രി ജെ ചിഞ്ചുറാണി

നാട്ടിൽ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ആശ്രാമം മൈതാനത്ത് സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയർ ഫെയർ 2025 ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിലക്കയറ്റമില്ലാതെ അരിയും പലവ്യഞ്ജനവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ നൽകാൻ നടപടികൾ സ്വീകരിച്ചു.

 

കൊല്ലം : നാട്ടിൽ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ആശ്രാമം മൈതാനത്ത് സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയർ ഫെയർ 2025 ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിലക്കയറ്റമില്ലാതെ അരിയും പലവ്യഞ്ജനവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ നൽകാൻ നടപടികൾ സ്വീകരിച്ചു.

 ഒരു കിലോ അരിക്ക് 25 രൂപ നിരക്കിൽ ഒരാൾക്ക് 20 കിലോ അരി വരെ ഫെയറിലൂടെ ലഭ്യമാക്കും. എണ്ണ, പഞ്ചസാര, മിൽമ നെയ്, ഭക്ഷ്യകിറ്റ് ഉൾപ്പെടെ വിലക്കുറവിലാണ് സാധനങ്ങളെല്ലാം ലഭിക്കുക. ജില്ലാ-അസംബ്ലിമണ്ഡല കേന്ദ്രങ്ങളിലും ഫെയറുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എം. നൗഷാദ് എം എൽ എ അധ്യക്ഷനായി, ആദ്യ വിൽപനയും നിർവഹിച്ചു. 
 
ജനുവരി 1 വരെയാണ് ഫെയർ. 280 ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഇളവുകളുണ്ട്. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിൽ  ലഭ്യമാകും; 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ കിറ്റിന് 500 രൂപയാണ്. 1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേക കൂപ്പൺ വഴി 50 രൂപ ഇളവ് ലഭിക്കും. സപ്ലൈകോയുടെ ഉടമസ്ഥതയിലുള്ള പമ്പുകളിൽനിന്ന് പെട്രോൾ വാങ്ങുന്നവർക്ക് 50 രൂപയുടെ സമ്മാനകൂപ്പണും ലഭിക്കും.ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ സി വി മോഹൻകുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജി.എസ് ഗോപകുമാർ, വടക്കും ഭാഗം ഡിവിഷൻ കൗൺസിലർ കുരുവിള ജോസഫ്, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.