ഡോളിക്കും അമ്മക്കും ആശ്വാസത്തിന്റെ തെളിനീര്‍; കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ മന്ത്രിയുടെ നിര്‍ദേശം

'കരുതലും കൈത്താങ്ങും' കൊല്ലം താലൂക്ക്തല അദാലത്തില്‍ പരാതിയുമായെത്തിയ ഇവര്‍ക്ക് കുടിവെള്ളകണക്ഷന്‍ നല്‍കാന്‍ മന്ത്രി ജെ. ചിഞ്ചുറാണി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

 

കൊല്ലം: തകര്‍ന്നുവീഴാറായ കുടിലില്‍ വയോധികയായ അമ്മക്കൊപ്പം കഴിയുന്ന ഭിന്നശേഷിക്കാരിയായ ഡോളിക്ക് ആശ്വാസത്തിന്റെ തെളിനീരെത്തും. 'കരുതലും കൈത്താങ്ങും' കൊല്ലം താലൂക്ക്തല അദാലത്തില്‍ പരാതിയുമായെത്തിയ ഇവര്‍ക്ക് കുടിവെള്ളകണക്ഷന്‍ നല്‍കാന്‍ മന്ത്രി ജെ. ചിഞ്ചുറാണി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

47കാരിയായ ഡോളിയും 74 വയസുള്ള അമ്മ ബ്രിജിത്തും കുടുംബസ്വത്തായി ലഭിച്ച ഒന്നര സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയാണ്. ഇതില്‍ കിണറോ കക്കൂസോ ഇല്ല. കോര്‍പറേഷനില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പി.എം.എ.വൈ പദ്ധതിയില്‍ വീട് നിര്‍മാണത്തിന് തുക അനുവദിച്ചു. എന്നാല്‍, മാതൃ സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍ പ്രവൃത്തി തടസ്സപ്പെടുത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു. 

താമസിക്കുന്ന വീടിന്റെ ഭിത്തി തകര്‍ക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. പൊലീസ് വിലക്കിയിട്ടും ബന്ധുക്കള്‍ ഉപദ്രവം തുടരുകയാണ്. അനുവദിച്ച ഫണ്ട് നഷ്ടമാകും മുമ്പ് വീട് പണിയാന്‍ സഹായിക്കണമെന്നും കുടിവെള്ള കണക്ഷന്‍ നല്‍കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.