വിശപ്പ്‌രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വർഷക്കാലത്തെ മികച്ച നേട്ടം: മന്ത്രി ജി ആർ അനിൽ
വിശപ്പ്‌രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വർഷക്കാലത്തെ മികച്ച നേട്ടമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ.
കൊല്ലം : വിശപ്പ്‌രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വർഷക്കാലത്തെ മികച്ച നേട്ടമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ. അഞ്ച് ലക്ഷം മെട്രിക് ടൺ അരി റേഷൻ കടകൾവഴി എത്തിച്ചതായും പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കവെ വ്യക്തമാക്കി.
പ്രതിമാസം 83 ലക്ഷം കുടുംബങ്ങൾ റേഷൻകടകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നു. ഉത്സവകാലത്ത് ആറ് കിലോ അരി മുൻഗണന വിഭാഗക്കാർക്ക് നൽകി. 148 ഉന്നതികളിൽ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്നു. ആറ് ലക്ഷം കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡുകൾ നൽകി. പുതുതായി 66,000 കുടുംബങ്ങൾ മുൻഗണന റേഷൻ കാർഡുകൾക്കുള്ള അപേക്ഷ നൽകിയിട്ടുണ്ട്. മാർച്ച് അഞ്ചോടെ അപേക്ഷ ലഭിച്ചവരിൽ നിന്ന് അർഹതപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും കാർഡുകൾ നൽകും.
2408 റേഷൻ കടകൾ കെ-സ്റ്റോറുകൾ ആക്കി മാറ്റി. ചെങ്ങറയിലെ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണന റേഷൻ കാർഡുകൾ നൽകും. സഞ്ചരിക്കുന്ന റേഷൻ കട സംവിധാനവും ഒരുക്കും. മാർച്ച് ഒന്നു മുതൽ വെളിച്ചെണ്ണയ്ക്ക് 20 രൂപ വിലകുറച്ച് 269 രൂപ നിരക്കിൽ വിറ്റഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ അധ്യക്ഷനായി. ഉത്സവകാലത്ത് പൊതുവിതരണകേന്ദ്രങ്ങളിലൂടെ ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ.എസ് വേണുഗോപാൽ, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ്, പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭകുമാരി, പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ഗോപിനാഥ്, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.മഞ്ജു, വാർഡംഗം അനസ് പടിഞ്ഞാറ്റേതിൽ, ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷനിംഗ് സ്മിതാ ജോർജ്, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.