കുട്ടികൾക്കെതിരായഅതിക്രമങ്ങൾ ഇല്ലാതാക്കും: മന്ത്രി ബിന്ദുകൃഷ്ണ

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ പൂർണ്ണമായും തുടച്ചുനീക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് തൊഴിൽ, വനിത-ശിശുവികസന, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.
 

കൊല്ലം : കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ പൂർണ്ണമായും തുടച്ചുനീക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് തൊഴിൽ, വനിത-ശിശുവികസന, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിൽ കഴിയുന്ന കുട്ടികൾക്കായി പൊതുജനങ്ങളിൽനിന്നും സന്നദ്ധസംഘടനകളിൽനിന്നും വസ്ത്രങ്ങൾ സംഭാവനയായിസ്വീകരിക്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ ‘കുട്ടിക്കുപ്പായം' പദ്ധതി കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.എല്ലാ ജില്ലകളെയും സമ്പൂർണ്ണ ശിശുസൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യം. മനുഷ്യത്വപരമായ സമീപനമായിരിക്കണം സർക്കാർ വകുപ്പുകളുടെ മുഖമുദ്ര. കുഞ്ഞുങ്ങൾക്ക് ഏറ്റവുംമികച്ച സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കാൻ എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.

'കുട്ടിക്കുപ്പായം' പദ്ധതിയിലൂടെ വസ്ത്രങ്ങൾ സംഭാവനയായി സ്വീകരിച്ച് അർഹരായ കുട്ടികൾക്ക് എത്തിക്കും.  വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതിനായി സിവിൽ സ്റ്റേഷനിലെ വനിത-ശിശുവികസന ഓഫീസിന് മുന്നിൽ പെട്ടിയുണ്ട്.  പ്രധാന ആശുപത്രികളിലും ചിൽഡ്രൻസ് ഹോമുകളിലും പെട്ടികൾ സ്ഥാപിക്കും.

ചടങ്ങിൽ ബോധവൽക്കരണപോസ്റ്ററുകളുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള ‘വൾനറബിൾ മാപ്പിംഗ്' ഫോമുകളുടെ വിതരണോദ്ഘാടനം അധ്യക്ഷയായ ജില്ലാ കലക്ടർ ആനി ജൂല തോമസ് നിർവ്വഹിച്ചു. ഫോമുകളിലൂടെ ദുരിതമനുഭവിക്കുന്നകുട്ടികളെ കണ്ടെത്തി ആവശ്യമായ തുടർച്ചയായസംരക്ഷണവും സഹായവും ഉറപ്പാക്കും.

ജില്ലാ ശിശുസംരക്ഷണ ഓഫീസർ എൽ. രഞ്ജിനി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ജി. പ്രസന്നകുമാരി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സനിൽ വെള്ളിമൺ, മീനകുമാരി, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ആശാ ദാസ്, ചൈൽഡ് ഹെൽപ്പ് ലൈൻ കോർഡിനേറ്റർ എസ്. ദീപക് തുടങ്ങിയവർ സംസാരിച്ചു.