വിക്ടോറിയ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിറ്റാണ്ടുകളായി സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയകേന്ദ്രമായി പ്രവർത്തിക്കുന്ന കൊല്ലം വിക്ടോറിയ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തൊഴിൽ,
 

കൊല്ലം :പതിറ്റാണ്ടുകളായി സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയകേന്ദ്രമായി പ്രവർത്തിക്കുന്ന കൊല്ലം വിക്ടോറിയ ആശുപത്രിയിലെ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തൊഴിൽ, വനിത-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ. വിക്ടോറിയ ആശുപത്രി അങ്കണത്തിൽ നിയോനേറ്റൽ ഐസിയു ആംബുലൻസ് ഉൾപ്പെടെ പുതുതായി സജ്ജമാക്കിയ മൂന്ന് ആംബുലൻസുകളുടെ ഫ്‌ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലുമായി ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. രണ്ട് ആശുപത്രികളിലുമായി 250 പേ വാർഡുകൾ ഒരുക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആറ് പുതിയ നിയോനേറ്റൽ ആംബുലൻസുകളാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ കൊല്ലം ജില്ലയ്ക്ക് അനുവദിച്ച നിയോനേറ്റൽ ആംബുലൻസ് വിക്ടോറിയ ആശുപത്രി കേന്ദ്രമാക്കി പ്രവർത്തിക്കും. ആശുപത്രികളിലെ ഐസിയു സംവിധാനത്തിന് സമാനമായ സൗകര്യങ്ങളോടെയാണ് നിയോനേറ്റൽ ഐസിയു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. 

നവജാത ശിശുക്കളെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുന്നതിന് ആംബുലൻസ് സഹായകമാകും. ഇൻക്യുബേറ്റർ വിത്ത് ട്രോളി, കാർഡിയാക് മോണിറ്റർ, നിയോനേറ്റൽ വെന്റിലേറ്റർ, സി-പാപ്, ഇൻഫ്യൂഷൻ പമ്പ് ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ആംബുലൻസിലുണ്ട്.ചടങ്ങിൽ  മേയർ എ.കെ. ഹഫീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീജ എൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എൽവിൻ ജോസ്, ആശുപത്രി സൂപ്രണ്ട് ഡോ. മാർട്ടിൻ ഗ്ലാഡ്സ്റ്റൺ, ആർ.എം.ഒ  ഡോ. ശരണ്യ ബാബു, ആശുപത്രി ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.