തൂഫാൻ ലഹരി വിരുദ്ധ പോരാട്ടത്തെ ജനം ഏറ്റെടുത്തു: മന്ത്രി ബിന്ദു കൃഷ്ണ

തുഫാൻ ലഹരി വിരുദ്ധ പോരാട്ടത്തെ കേരളത്തിലെ മുഴുവൻ ജനങ്ങളും ഏറ്റെടുത്തതായും തൂഫാൻ രണ്ടാം ഘട്ടത്തിലൂടെ ഈ പോരാട്ടം സംസ്ഥാനത്തെ ഓരോ വീടുകളിലേക്കും എത്തുകയാണെന്നും തൊഴിൽ,  വനിത

 

കൊല്ലം : തുഫാൻ ലഹരി വിരുദ്ധ പോരാട്ടത്തെ കേരളത്തിലെ മുഴുവൻ ജനങ്ങളും ഏറ്റെടുത്തതായും തൂഫാൻ രണ്ടാം ഘട്ടത്തിലൂടെ ഈ പോരാട്ടം സംസ്ഥാനത്തെ ഓരോ വീടുകളിലേക്കും എത്തുകയാണെന്നും തൊഴിൽ,  വനിത, ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനും  ലഹരിവിരുദ്ധ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ''ലഹരിമുക്ത കൊല്ലം'' ജനകീയ കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ അമ്മമാരെ ഇന്ന് ഏറ്റവും അധികം വേദനിപ്പിക്കുന്ന വിപത്താണ് രാസലഹരിയെന്ന് മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ നിരവധി പ്രവർത്തനങ്ങൾ നമ്മൾ മുമ്പും നടത്തിയിട്ടുണ്ടെങ്കിലും ഇവിടെ ലഹരി മാഫിയ വളരുകയായിരുന്നു. ലഹരി മാഫിയയുടെ അടിവേരറുക്കണം എന്ന ദൃഢനിശ്ചയത്തോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഈ സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ എന്ന പോരാട്ടമാണ് വലിയ വിജയമായതും ഇന്ന് ജനം ഏറ്റെടുത്തതും.

കുട്ടികളുടെ ഊർജത്തെ നേരായ വഴികളിലേക്ക് തിരിച്ചുവിടുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എസ് എൻ കോളേജിൽ പഠിക്കുന്ന കാലത്ത് സാക്ഷരതാ പ്രവർത്തനമായിരുന്നു ലഹരി. ജില്ലാ ആശുപത്രിയിൽ പോയി രക്തം കൊടുക്കുന്നതായിരുന്നു അന്നത്തെ മറ്റൊരു സന്തോഷം. അത്തരം സാമൂഹിക പ്രതിബദ്ധതയുള്ള ഇഷ്ടങ്ങളിലേക്ക് കുട്ടികളെ നമുക്ക് തിരിച്ചു കൊണ്ടുവരാനാവണം. ലഹരിക്കടിമപ്പെട്ട കുട്ടികൾക്ക് ശരിയായ ചികിത്സയും കൗൺസലിങ്ങും നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. തൂഫാൻ ഒന്നാം ഘട്ടത്തിൽ പൊലീസ് ലഹരി വിപണനശൃംഖലയുടെ അടിവേര് അറുക്കുകയായിരുന്നെങ്കിൽ രണ്ടാംഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയടക്കം പങ്കാളിത്തത്തോടെ ജനങ്ങൾക്കിടയിലേക്ക് എത്തുകയാണ്. ജില്ലാ പഞ്ചായത്ത് ഈ പോരാട്ടം ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്നും എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.

കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്തായ രാസലഹരിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുന്നതിനുള്ള ചരിത്രപരമായ ദൗത്യമാണ് സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാനെന്ന് വീഡിയോ സന്ദേശത്തിൽ ആഭ്യന്തര, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം  ലഹരിയുടെ വ്യാപനവും ഉപയോഗവും 20-30 ശതമാനം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം ആരംഭിച്ചു കഴിഞ്ഞു. യുവതലമുറയെ രക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണം. ലഹരിമുക്ത കൊല്ലം കാമ്പയിൻ രാസലഹരിയുടെ വേരറുക്കാനും നാടിനെ രക്ഷിക്കാനുമുള്ളതാണ്.  രണ്ടാംഘട്ടത്തിലൂടെ ഗ്രാമസഭകളിലേക്കും കുടുംബങ്ങളിലേക്കും വീടുകളിലേക്കും തൂഫാൻ കാമ്പയിൻ എത്തുകയാണെന്നും ലഹരിമുക്ത കൊല്ലം കാമ്പയിന് എല്ലാ ആശംസകളും നേരുന്നതായും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സ്‌കൂൾതല ലഹരിമുക്ത കാമ്പയിൻ സി അജയപ്രസാദ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ആർ. ലതാദേവി അധ്യക്ഷയായി. ഓപ്പറേഷൻ തൂഫാൻ സംസ്ഥാന നോഡൽ ഓഫീസറും ദക്ഷിണ മേഖല ഐ ജിയുമായ ആർ നിശാന്തിനി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കലക്ടർ ആനി ജൂല തോമസ്, കൊല്ലം സിറ്റി ജില്ലാ പൊലീസ് മോധാവി എം ഹേമലത,  ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ സുബോധ്, എക്‌സൈസ് ഡെ. കമ്മിഷണർ എച്ച് നൂറുദ്ധീൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബി ജയന്തി, സെൽവി, റ്റി അജയൻ, ജി സരസ്വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.