മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പ്രഥമ പരിഗണന നൽകും: മന്ത്രി ബിന്ദു കൃഷ്ണ
മത്സ്യത്തൊഴിലാളികളെ ചേർത്തു നിർത്തുന്ന ഈ സർക്കാർ അവരുടെ പ്രശ്‌നങ്ങൾക്ക് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് തൊഴിൽ, വനിത-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം മത്സ്യഭവന്റെ നേതൃത്വത്തിൽ വാടി കോസ്റ്റൽ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച ഫിഷറീസ് വകുപ്പിന്റെ തീരോന്നതി പദ്ധതിയുടെ ഭാഗമായ 'അറിവ്'
കൊല്ലം : മത്സ്യത്തൊഴിലാളികളെ ചേർത്തു നിർത്തുന്ന ഈ സർക്കാർ അവരുടെ പ്രശ്‌നങ്ങൾക്ക് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് തൊഴിൽ, വനിത-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം മത്സ്യഭവന്റെ നേതൃത്വത്തിൽ വാടി കോസ്റ്റൽ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച ഫിഷറീസ് വകുപ്പിന്റെ തീരോന്നതി പദ്ധതിയുടെ ഭാഗമായ 'അറിവ്' ബോധവത്കരണ പരിപാടിയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരാണ് കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ. എന്നിട്ടും പ്രളയകാലത്തും ഓഖി സമയത്തും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കഴിഞ്ഞ സർക്കാർ ഒന്നും ചെയ്തില്ലെന്ന് മന്ത്രി പറഞ്ഞു. യാതൊരു അടിസ്ഥാനസൗകര്യങ്ങളുമില്ലാത്ത ഭവനങ്ങളാണ് പലയിടത്തും മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ചു നൽകിയത്. രക്ഷാപ്രവർത്തനത്തിനിടയിലും മറ്റും വള്ളങ്ങൾ നഷ്ടപ്പെട്ടവർക്ക് ഒരു രൂപ പോലും നൽകിയല്ല. കേരളത്തിന്റെ സൈന്യമെന്നൊക്കെ വിളിച്ചെങ്കിലും പരിതാപകരമാണ് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ. എന്നാൽ ഇപ്പോൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന സർക്കാറാണ് നിലവിലുള്ളതെന്നും ഈയിടെ പത്തനംതിട്ടയിലും മറ്റും പ്രളയരക്ഷാപ്രവർത്തനത്തിന് പോയ വള്ളങ്ങൾക്ക് പ്രതിദിനം 2000 രൂപ ധനസഹായം നൽകിയതായും മന്ത്രി പറഞ്ഞു. മൽസ്യത്തൊഴികളുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും കൊല്ലം പോർട്ടിലെ റെസക്യൂ ബോട്ടുകൾ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തനസജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
മേയർ എ കെ ഹഫീസ് അധ്യക്ഷനായി. നഗരസഭ കൗൺസിലർ ജെ പ്രീത, ഫിഷറീസ് ഡെ. ഡയറക്ടർ സി എസ് ശ്രീദിവ്യാറാണി, കോസ്റ്റൽ പൊലീസ് സി ഐ രാജൻ ബാബു, വിവിധ രാഷ്ട്രീയ, തൊഴിലാളി സംഘടന പ്രതിനിധികളായ നൗഷാദ് യൂനുസ്, ടി കെ സുൽഫി, യേശുദാസൻ, തോബിയാസ്, സേവ്യർ ജോസഫ്, ആർ അജയൻ, സ്മിത ഗോപാൽ എന്നിവർ പങ്കെടുത്തു.