ഈ സർക്കാർ ലഹരി മാഫിയയുടെ വേരറുക്കും: മന്ത്രി ബിന്ദു കൃഷ്ണ

രാസലഹരി സമൂഹത്തിൽ വലിയ വെല്ലുവിളിയായി മാറുകയാണെന്നും ഈ സർക്കാർ ലഹരി മാഫിയയുടെ വേരറുക്കുമെന്നും തൊഴിൽ, വനിത-ശിശു വികസന  മന്ത്രി ബിന്ദു കൃഷ്ണ.  ഓപ്പറേഷൻ തൂഫാനിലൂടെ പൊലീസും ഓപ്പറേഷൻ തണ്ടറിലൂടെ

 

കൊല്ലം :രാസലഹരി സമൂഹത്തിൽ വലിയ വെല്ലുവിളിയായി മാറുകയാണെന്നും ഈ സർക്കാർ ലഹരി മാഫിയയുടെ വേരറുക്കുമെന്നും തൊഴിൽ, വനിത-ശിശു വികസന  മന്ത്രി ബിന്ദു കൃഷ്ണ.  ഓപ്പറേഷൻ തൂഫാനിലൂടെ പൊലീസും ഓപ്പറേഷൻ തണ്ടറിലൂടെ എക്സൈസും ലഹരിക്കെതിരെ ശക്തമായ പോരാട്ടം തുടരുകയാണ്. വിവിധ വകുപ്പുകളുമായി കൈകോർത്ത് എക്സൈസ് വകുപ്പ് നടത്തുന്ന ‘മയങ്ങില്ല കേരളം' പദ്ധതിയും ഈ ലക്ഷ്യത്തിലേക്കുള്ള ഉറച്ചചുവടുവെയ്പാണെന്നും മന്ത്രി പറഞ്ഞു. 

കൊല്ലം എക്സൈസ് ഡിവിഷന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വിമുക്തി മിഷൻ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം- ‘അറിവാണ് ലഹരി' എക്സൈസ് ഡിവിഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി വേണ്ടെന്ന് തന്റേടത്തോടെ പറയാനുള്ള ആർജവം പുതുതലമുറ കാണിക്കണമെന്ന് മന്ത്രി വിദ്യാർഥികളോട് പറഞ്ഞു. കൂട്ടുകാർ ലഹരി ഉപയോഗിക്കുന്നത് കണ്ടാൽ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് അവരെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്നും മന്ത്രി കുട്ടികളെ ഓർമിപ്പിച്ചു.

ലഹരിക്കെതിരെ ശക്തമായ നിയമനടപടി തുടരുന്നതിനൊപ്പം ബോധവത്കരണവും ലഹരിക്കടിമപ്പെട്ടവരുടെ പുന:രധിവാസവുമെല്ലാം എക്സൈസ് നടപ്പാക്കുന്നുണ്ടെന്ന് അഡീഷണൽ എക്സൈസ് കമ്മിഷണർ ആർ ജയശങ്കർ പറഞ്ഞു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ നൂറുദ്ദീൻ എച്ച്, വിമുക്തി മിഷൻ മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുമായ വി സി ബൈജു, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി എൽ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

ക്വിസ് മത്സരത്തിൽ കരുനാഗപ്പള്ളി ഗവ. എച്ച് എസ് എസിലെ കാർത്തിക് കൃഷ്ണ, മാധവൻ എം എസ് എന്നിവരുടെ സംഘം ഒന്നാം സ്ഥാനവും അയ്യൻകോവിക്കൽ ഗവ. എച്ച് എസ് എസിലെ ആദിദേവ് വി, കൃഷ്ണ നന്ദ പി എന്നിവർ രണ്ടാം സ്ഥാനവും ചടയമംഗലം എം ജി എച്ച് എസിലെ മാധവ് കൃഷ്ണ എസ്, മിഥുൻ കൃഷ്ണ എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ഫൈസൽ പടനിലം ക്വിസ് മത്സരം നയിച്ചു.