ഈ സർക്കാർ അധികാരമേറ്റ ശേഷം കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി വഴി വിതരണം ചെയ്തത് 37.27 കോടിയുടെ ധനസഹായം: മന്ത്രി ബിന്ദു കൃഷ്ണ

ഈ സർക്കാർ അധികാരമേറ്റ ശേഷം കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി വഴി 3420 വായ്പകളിലായി 37.27 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്‌തെന്ന് വനിതാ-ശിശുവികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി ധനസഹായവിതരണത്തിന്റെ ജില്ലാതല

 

കൊല്ലം : ഈ സർക്കാർ അധികാരമേറ്റ ശേഷം കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി വഴി 3420 വായ്പകളിലായി 37.27 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്‌തെന്ന് വനിതാ-ശിശുവികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി ധനസഹായവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിന്നക്കട കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സഹകരണ ബാങ്കുകളിൽ നിന്നോ സംഘങ്ങളിൽ നിന്നോ വായ്പയെടുത്ത ശേഷം മരിക്കുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തവരുടെ കുടുംബങ്ങൾക്ക് റിസ്‌ക് ഫണ്ട് വലിയ ആശ്വാസമായി മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. 

കൊല്ലം ജില്ലയിൽ 141 വായ്പകളിലായി 1.86 കോടി രൂപയുടെ റിസ്‌ക് ഫണ്ട് ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. സഹകരണ പ്രസ്ഥാനങ്ങൾ എന്നും സാധാരണക്കാർക്കൊപ്പമാണെന്നും നിക്ഷേപകരെയും നാടിനെയും കബളിപ്പിക്കുന്ന ചുരുക്കം ചില ആളുകൾക്കെതിരെ നടപടിയെടുക്കാൻ  നിയമത്തിന്റെ ശക്തമായ കരങ്ങൾ ജാഗരൂകരായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ കേവലം നിക്ഷേപങ്ങളും വായ്പകളും നൽകുക മാത്രമല്ല, മനുഷ്യരുടെ ജീവിത പ്രയാസങ്ങളിൽ ഒപ്പം നിൽക്കുന്ന സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. ബാങ്കുകളുടെ വിശ്വാസ്യതയും വായ്പകളുടെ സുരക്ഷയും ഒരു പോലെ ഉറപ്പിക്കാൻ റിസ്‌ക് ഫണ്ട് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വായ്പയെടുത്ത് പ്രതിസന്ധിയിലാകുന്നവർക്ക് ആശ്വാസമാണ് കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷനായ ചടയമംഗലം എം എൽ എ, എം എം നസീർ പറഞ്ഞു. കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ വസന്തൻ, തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി രാജൻ, പരവൂർ എസ് എൻ വി ആർ സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, ഇരവിപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ, കൊട്ടാരക്കര പി സി എ ആർ ഡി ബി പ്രസിഡന്റ് കൊല്ലായിൽ സുരേഷ്, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർലി കോലോത്ത്, പുത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ കെ, മിസലേനിയസ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസാദ് നാണപ്പൻ, കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് കൊല്ലം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ശോഭന ജെ, അസിസ്റ്റന്റ് രജിസ്ട്രാർ അജയകുമാർ എൻ തുടങ്ങിയവരും സഹകാരികളും ഗുണഭോക്താക്കളും പങ്കെടുത്തു.