കാലിത്തീറ്റ വിലക്കയറ്റത്തിന് പരിഹാരം ഉടൻ: മന്ത്രി ബിന്ദു കൃഷ്ണ

കാലിത്തീറ്റ വിലക്കയറ്റം ഉൾപ്പെടെ ക്ഷീരകർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിവരികയാണെന്നും ക്ഷീരകർഷകരെ കൈവിടില്ലെന്നും  മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

 

കൊല്ലം : കാലിത്തീറ്റ വിലക്കയറ്റം ഉൾപ്പെടെ ക്ഷീരകർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിവരികയാണെന്നും ക്ഷീരകർഷകരെ കൈവിടില്ലെന്നും  മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച തേവലപ്പുറം മൃഗാശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ മൃഗസംരക്ഷണ, ക്ഷീരമേഖലകളെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഗുണമേ•യുള്ള പാലിന്റെ ഉത്പാദനം ഉറപ്പാക്കുന്നതിനൊപ്പം പാൽ പരിശോധനാ സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കും. ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനാവശ്യമായ ഇടപെടലുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മൃഗങ്ങളിൽ ഉണ്ടാകുന്ന സാംക്രമിക രോഗങ്ങൾ നേരത്തേ കണ്ടെത്തി സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിൽ മൃഗാശുപത്രികൾക്ക് നിർണായക പങ്കുണ്ട്. കൃത്യമായ വാക്‌സിനേഷൻ, രോഗനിരീക്ഷണം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനും മൃഗസംരക്ഷണ വകുപ്പ് പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
60 ലക്ഷം രൂപ ചെലവഴിച്ചാണ് തേവലപ്പുറം മൃഗാശുപത്രിയുടെ നവീകരണം പൂർത്തിയാക്കിയത്. ഡോക്ടർ റൂം, ഓഫീസ്, ഫാർമസി, സ്റ്റോർ റൂം, വരാന്ത, രണ്ട് ശുചിമുറികൾ, പോർച്ച് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ ഇടിമിന്നലേറ്റ് പശുവിനെ നഷ്ടപ്പെട്ട ക്ഷീരകർഷകൻ സുരേഷ് ബാബുവിന് 16,400 രൂപയുടെ ധനസഹായം മന്ത്രി കൈമാറി.
കെ എൻ ബാലഗോപാൽ എം എൽ എ അധ്യക്ഷത വഹിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യ വി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ബാബു എസ് ആർ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ എസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സിന്ധു കെ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷീജ എസ്, ഐ സി ഡി പി പ്രോജക്ട് ഓഫീസർ ഡോ. ദീപ്തി എസ്, സീനിയർ വെറ്ററിനറി സർജൻ ഡോ. ബിനു എം തുടങ്ങിയവർ പങ്കെടുത്തു.