കൊല്ലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും അറ്റകുറ്റപ്പണികളുടെയും നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണം: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും അറ്റകുറ്റപ്പണികളും വേഗത്തിലാക്കണമെന്ന് വനിത- ശിശുവികസന,തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

 

കൊല്ലം :  കൊല്ലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും അറ്റകുറ്റപ്പണികളും വേഗത്തിലാക്കണമെന്ന് വനിത- ശിശുവികസന,തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി ആശ്രാമം ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്താവുന്ന പദ്ധതികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. പെരുമൺ തരിയൻമുക്ക് - പെരിനാട് റെയിൽവേ സ്റ്റേഷൻ ഓവർബ്രിഡ്ജ് റോഡ്, കണ്ടച്ചിറ- മുടന്തിയാർവിള ജംഗ്ഷൻ റോഡ് എന്നിവയുടെ ബി എം ബി സി പ്രവർത്തികൾ തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു. 

കൊല്ലം നഗരത്തിലെ റോഡുകളുടെ റീടാറിങ് വരുന്ന സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്താനുള്ള പ്രൊപ്പോസൽ തയ്യാറാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പെരുമൺ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ജില്ലാ കോടതി സമുച്ചയ നിർമാണം, ജില്ലാ പി എസ് സി കെട്ടിട നിർമാണം, ആശ്രാമം ഗസ്റ്റ് ഹൗസ് നവീകരണം എന്നിവയുടെ പുരോഗതി ഉദ്യോഗസ്ഥർ വിശദീകരിച്ചു. കുടിവെള്ള പ്രശ്‌നം ഉണ്ടാകുമ്പോൾ പരിഹരിക്കാൻ സത്വര നടപടികൾ ഉണ്ടാകണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തൃക്കരുവ, പനയം, തൃക്കടവൂർ, താമരക്കുളം തുടങ്ങി വിവിധ ഇടങ്ങളിൽ സുഗമമായ കുടിവെള്ള വിതരണം ഉറപ്പുവരുത്താൻ  ആവശ്യമെങ്കിൽ എം എൽ എ ഫണ്ട് വിനിയോഗിച്ച് പമ്പ് സെറ്റുകൾ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാമെന്ന് മന്ത്രി ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചു.

പട്ടികജാതി വികസന വകുപ്പിന്റെ പഞ്ചമി ഗ്രാമം പദ്ധതി, അംബേദ്കർ ഗ്രാമ വികസന പദ്ധതി തുടങ്ങി വിവിധ പദ്ധതികൾ മണ്ഡലത്തിൽ മികച്ച രീതിയിൽ നടപ്പാക്കാനാവശ്യമായ നിർദേശങ്ങളും മന്ത്രി നൽകി. പൊതുമരാമത്ത്, ജലവിഭവം, പട്ടികജാതി വികസനം, ഹാർബർ എൻജിനീയറിങ്, ഉൾനാടൻ ജലഗതാഗതം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.