അദാലത്തുകൾ സമ്പദ്‌വ്യവസ്ഥയുടെ സുഗമപ്രവർത്തനത്തിന് അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുഗമപ്രവർത്തനത്തിന് അദാലത്തുകൾ വഴിയുള്ള അതിവേഗ തീർപ് സഹായകമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന, വനിതാ-ശിശുവികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.
കൊല്ലം : രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുഗമപ്രവർത്തനത്തിന് അദാലത്തുകൾ വഴിയുള്ള അതിവേഗ തീർപ് സഹായകമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന, വനിതാ-ശിശുവികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സഹകരണ സംഘങ്ങളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ആശ്വാസ് 2026' ഒറ്റത്തവണതീർപ്പാക്കൽ പദ്ധതിയുടെ ജില്ലാതലഅദാലത്ത് ചിന്നക്കട കേരള ബാങ്ക് മിനിഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.വായ്പാതിരിച്ചടവ് മുടങ്ങിയവർക്കും ബാങ്കുകളുടെ കുടിശ്ശികയും നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനും അദാലത്തുകൾ ഉപകാരപ്പെടും.
അതിദരിദ്രപട്ടികയിലുള്ളവർ, ഗുരുതര രോഗംബാധിച്ചവർ എന്നിവർക്ക് പ്രത്യേക ഇളവ് ലഭിക്കുന്നതിനുള്ള സാഹചര്യം കൂടിയാണ് ഒരുക്കുന്നത്. ജില്ലയിൽ ഇതുവരെ സഹകരണ സംഘങ്ങളുടെതലത്തിൽ 614 അദാലത്തുകൾ നടന്നു. എംഎൽഎമാരുടെ നേതൃത്വത്തിൽ താലൂക്ക്തലങ്ങളിലും സംഘടിപ്പിച്ചു; 2868 വായ്പകളിലായി 10.39 കോടിയുടെ ഇളവ് അനുവദിച്ചെന്നുവെന്നും മന്ത്രി അറിയിച്ചു.കുന്നത്തൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ തമ്പാൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് രജിസ്ട്രാർ ജെ ശോഭന, പരവൂർ സഹകരണബാങ്ക് ചെയർമാൻ നെടുങ്ങോലം രഘു, വിവിധ സഹകരണയൂണിയൻ സർക്കിൾ ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.