കർഷകർക്ക് അധികവരുമാനത്തിന് ഇടവിള കൃഷി പദ്ധതിയുമായി മേലില ഗ്രാമപഞ്ചായത്ത്

കൃഷിയിടങ്ങളിൽ ഇടവിള കൃഷി വ്യാപിപ്പിച്ച് കർഷകർക്ക് അധികവരുമാനത്തിനുള്ള സാധ്യതയൊരുക്കി മേലില ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ  ഭാഗമായി കർഷകർക്ക് വിവിധ ഇടവിളകളുടെ വിത്തുകളും ജൈവവളങ്ങളുമാണ് വിതരണം ചെയ്യുന്നത്.

 

കൊല്ലം : കൃഷിയിടങ്ങളിൽ ഇടവിള കൃഷി വ്യാപിപ്പിച്ച് കർഷകർക്ക് അധികവരുമാനത്തിനുള്ള സാധ്യതയൊരുക്കി മേലില ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ  ഭാഗമായി കർഷകർക്ക് വിവിധ ഇടവിളകളുടെ വിത്തുകളും ജൈവവളങ്ങളുമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച രീതിയിൽ പദ്ധതി നടപ്പാക്കാനായതിന്റെ ചുവടുപിടിച്ച് നടപ്പ് സാമ്പത്തിക വർഷവും പ്ലാൻ ഫണ്ടിൽ നിന്ന് 5.40 ലക്ഷം രൂപ വകയിരുത്തിയത്. ഇത്തവണ വിത്തുകളുടെ കിറ്റിനൊപ്പം ജൈവവളം കൂടി നൽകുന്നുണ്ട്.  

പദ്ധതിയുടെ ഭാഗമായി 300 കർഷകർക്ക് 1,000 രൂപ വിലവരുന്ന ഇടവിള കിറ്റും 20 കിലോ ജൈവവളവും വിതരണം ചെയ്യും. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ വിളകളുടെ വിത്തുകളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മേലിലയിലെ കർഷകർ ഉത്പാദിപ്പിച്ച വിത്തുകൾ ശേഖരിച്ചാണ് കിറ്റുകൾ തയ്യാറാക്കുന്നത്. ഫെബ്രുവരിയോടെ കർഷകർക്ക് കിറ്റുകൾ വിതരണം ചെയ്യും.

കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിയുടെ ഭാഗമായി 300 കർഷകർക്ക് 1,200 രൂപ വില വരുന്ന ഇടവിള കിറ്റുകൾ വിതരണം ചെയ്തിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് 3.60 ലക്ഷം രൂപ വിനിയോഗിച്ചു. ഇടവിള കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ഒരേ സ്ഥലത്ത് വിവിധ വിളകൾ കൃഷി ചെയ്ത് കർഷകർക്ക് അധികവരുമാനം നേടാനാകുമെന്ന് മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി അജിത്ത് കുമാർ പറഞ്ഞു.