തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയ വിലയിരുത്തി കൊല്ലം  ജില്ലാ കലക്ടർ

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് പ്രക്രിയ വിലയിരുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ്.  ചവറ, ഓച്ചിറ ബ്ലോക്കുകളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായ ചവറ സർക്കാർ ബോയ്‌സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി സർക്കാർ ബോയ്‌സ് എച്ച്.എസ്.എസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. 

 

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് പ്രക്രിയ വിലയിരുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ്.  ചവറ, ഓച്ചിറ ബ്ലോക്കുകളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായ ചവറ സർക്കാർ ബോയ്‌സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി സർക്കാർ ബോയ്‌സ് എച്ച്.എസ്.എസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. 

ചവറ സർക്കാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചവറ, ശങ്കരമംഗലം, തേവലക്കര, പന്മന, നീണ്ടകര ഗ്രാമപഞ്ചായത്തുകളുടെയും കരുനാഗപ്പള്ളി സർക്കാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ   തൊടിയൂർ, ആലപ്പാട്, കുലശേഖരപുരം, തഴവ, ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളുടെയും മെഷീനുകളുടെ ക്രമീകരണമാണ് നടക്കുന്നത്. ചവറ ബ്ലോക്കിലെ 174 പോളിങ് സ്റ്റേഷനിലേക്കും ഓച്ചിറ ബ്ലോക്കിലെ 230  പോളിംഗ് സ്റ്റേഷനിലേക്കുമാണ് വോട്ടിംഗ്‌യന്ത്രങ്ങൾ സജ്ജമാക്കുക. വരണാധികാരികളുടെ മേൽനോട്ടത്തിൽ വോട്ടിംഗ് യന്ത്രത്തിൽ ബാലറ്റ്‌പേപ്പർ ക്രമീകരിക്കുന്ന പ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

അഞ്ചൽ, കൊല്ലം കോർപറേഷൻ, മുഖത്തല, ശാസ്താംകോട്ട ബ്ലോക്കുകളിൽ കമ്മീഷനിംഗ് പൂർത്തിയായി. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചടയമംഗലം ബ്ലോക്കുകളിൽ പുരോഗമിക്കുകയാണ്. ഡിസംബർ അഞ്ചിന് ഇത്തിക്കര ബ്ലോക്കിലെ  കമ്മീഷനിംഗ്  കഴിയുന്നതോടെ ജില്ലയിലെ കമ്മീഷനിങ് പൂർത്തിയാകും. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി.ജയശ്രീ, ജൂനിയർ സൂപ്രണ്ട് കെ.സുരേഷ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.