നെൽപാടങ്ങളിൽ നൂറ്മേനി കൊയ്യാൻ കുളക്കട ഗ്രാമപഞ്ചായത്ത്
നെൽക്കൃഷിക്ക് പ്രോത്സാഹനം നൽകി കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സമഗ്ര നെൽകൃഷി പദ്ധതിയുമായി കുളക്കട ഗ്രാമപഞ്ചായത്ത്. 2026-27 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 4.25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്
കൊല്ലം : നെൽക്കൃഷിക്ക് പ്രോത്സാഹനം നൽകി കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സമഗ്ര നെൽകൃഷി പദ്ധതിയുമായി കുളക്കട ഗ്രാമപഞ്ചായത്ത്. 2026-27 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 4.25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 10 ഹെക്ടർ സ്ഥലത്ത് 45 ഓളം കർഷകരാണ് പദ്ധതിയുടെ ഭാഗമായി നെൽകൃഷി നടത്തുന്നത്. ഒരു ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ചെയ്യുന്ന കർഷകന് പരമാവധി 100 കിലോ നെൽവിത്ത് വരെ സൗജന്യമായി ലഭ്യമാക്കും. ഉഴവുകൂലി, ജൈവവളം തുടങ്ങിയ ചെലവുകൾക്കായി 25,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ പാടങ്ങളിലും നെൽകൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വന്യമൃഗശല്യം മൂലമുള്ള കൃഷിനാശം തടയുന്നതിന് സൗരവേലി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി പരമാവധി കർഷകരെ നെൽകൃഷിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. നെൽകൃഷിയുടെ ചെലവ് കുറച്ച് കർഷകർക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിന് യന്ത്രവത്കരണം ഉൾപ്പെടെയുള്ള പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ വ്യക്തമാക്കി.