തുലാമഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റും ഇടിമിന്നലും - ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടർ
വടക്ക് കിഴക്കൻ കാലവർഷത്തിന്റെ ആരംഭം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുലാമഴയ്ക്ക് സമാനമായ മഴ ലഭിച്ചുതുടങ്ങി
കൊല്ലം : വടക്ക് കിഴക്കൻ കാലവർഷത്തിന്റെ ആരംഭം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുലാമഴയ്ക്ക് സമാനമായ മഴ ലഭിച്ചുതുടങ്ങി. ഉച്ചയ്ക്ക് ശേഷം തുടങ്ങി രാത്രിയോളം നീണ്ടുനിൽക്കുന്ന രീതിയിലും കിഴക്കൻ മേഖലയിൽ തുടങ്ങി പതിയെ തീരദേശ മേഖലകളിലേക്ക് എത്തുന്ന രീതിയിലുമാണ് സാധാരണ തുലാമഴയുടെ പ്രഭാവം. മഴയ്‌ക്കൊപ്പമുള്ള ഇടിമിന്നലും ശക്തമായി വീശുന്ന കാറ്റും വളരെ അപകടകാരികളാണ്. ഇടിമിന്നലും ശക്തമായ കാറ്റും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് എല്ലാവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ
ഇടിമിന്നൽ മനുഷ്യ ജീവനും വളർത്തു മൃഗങ്ങൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. കെട്ടിട നിർമ്മാണത്തിലും കാർഷിക വൃത്തിയിലും ഏർപ്പെടുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഇലക്ട്രിക് ലൈനുകൾ കേബിളുകൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയിൽ ഏർപ്പെടുന്നവർ, ഇടിമിന്നൽ ഉള്ളസമയം മൈതാനങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി കളികളിൽ ഏർപ്പെടുന്നവർ, തുറസ്സായ കുന്നുകൾ, വലിയ പാറകൾ എന്നിവയ്ക്ക് മുകളിൽ സായാഹ്നം ചെലവഴിക്കാൻ പോകുന്നവർ എന്നിവർക്ക് ഇടിമിന്നൽ മൂലം അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മഴതുടങ്ങുമ്പോൾ ടെറസിൽ നിന്നും തുണിയെടുക്കാനായി പോകുമ്പോഴും വളർത്തു മൃഗങ്ങളെ മാറ്റിക്കെട്ടുവാനായി പോകുമ്പോഴും ഇടിമിന്നലേൽക്കുന്ന സംഭവങ്ങളും കുറവല്ല. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നൽ സമയത്ത് അടച്ചുറപ്പുള്ള കെട്ടിടത്തിനുള്ളിൽ തുടരുന്നതാണ് ഏറ്റവും സുരക്ഷിതം. അതിനാൽ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് മാറുക.
വീടിനു പുറത്താണങ്കിൽ യാതൊരു കാരണവശാലും വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, വീടുകളുടെ തുറന്ന ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക.
വീടിനുള്ളിൽ ആണെങ്കിൽ ജനലും വാതിലും അടച്ചിട്ട് കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. കേബിൾ ടിവി, ലാൻഡ് ഫോൺ തുടങ്ങി പുറമേ നിന്ന് വരുന്ന കേബിളുകൾ ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായി ഊരിയിടുക
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് പട്ടം പറത്തുവാനോ ജലാശയത്തിൽ ഇറങ്ങുവാനോ പാടില്ല.
ശക്തമായ ഇടിമിന്നലുള്ള സമയം നിങ്ങളൊരു തുറസ്സായ സ്ഥലത്തായിപ്പോയി എങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് യാത്രയിൽ ആണെങ്കിൽ കൈകാലുകൾ പുറത്തിടാതെ, ലോഹഭാഗങ്ങളിൽ സ്പർശിക്കാതെ വാഹനത്തിനകത്ത് തന്നെ തുടരുക. സൈക്കിൾ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുക.
മഴയുടെ ലക്ഷണം കണ്ടുകഴിഞ്ഞാൽ എത്രയും വേഗം വളർത്തു മൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ നിന്നും മാറ്റിക്കെട്ടുക.
ഇടിമിന്നൽ ഉള്ളപ്പോൾ അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും തുറസായ സ്ഥലത്തെക്ക് പോകരുത്.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം. വീടിന്റെ പഴയ വയറിങ് മാറ്റി
ഇടിമിന്നൽ സംബന്ധിച്ച മുന്നറിയിപ്പുകൾ യഥാസമയം ലഭിക്കുവാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 'ദാമിനി' (DAMINI) എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കുക
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്.
ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രതാ നിർദേശങ്ങൾ
വീടുകൾക്ക് മുകളിൽ മരം പിഴുതുവീണും ചില്ലകൾ ഒടിഞ്ഞുവീണുമാണ് ജില്ലയിൽ ഭവനനാശം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആയതിനാൽ പൊതുജനങ്ങൾ തങ്ങളുടെ സ്വകാര്യ വസ്തുവിൽ നിൽക്കുന്നതും, സ്വന്തം വീടിനോ, അയൽ വീടുകൾക്കോ വൈദ്യുതലൈനുകൾക്കോ റോഡുകൾക്കോ അപകടകരമായ രീതിയിൽ സ്ഥിതിചെയ്യുന്നതുമായ മരങ്ങളുടെ ചില്ലകൾ വെട്ടിയൊതുക്കുകയോ, ആവശ്യമെങ്കിൽ മരം മുറിച്ചു മാറ്റുകയോ ചെയ്യേണ്ടതാണ്.
അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ KSEB - യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. KSEB ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.
പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക.
നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.