തീവ്രവോട്ടർപട്ടിക പരിഷ്‌കരണനടപടികൾ അതിവേഗത്തിൽ : കൊല്ലം  ജില്ലാ കലക്ടർ

ജില്ലയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണപ്രവർത്തനങ്ങൾ (എസ് ഐ ആർ) ദ്രുതഗതിയിൽ നീങ്ങുകയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്

 

കൊല്ലം : ജില്ലയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണപ്രവർത്തനങ്ങൾ (എസ് ഐ ആർ) ദ്രുതഗതിയിൽ നീങ്ങുകയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. 2144527 വോട്ടർമാർക്കും എന്യൂമറേഷൻ ഫോം വിതരണംചെയ്തു. തിരികെ ലഭ്യമാകുന്നമുറയ്ക്ക് ഡിജിറ്റൽവത്ക്കരണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാകും. താലൂക്കുകൾ, വില്ലേജ് ഓഫീസ്, പോളിംഗ് സ്റ്റേഷൻ, സാംസ്‌കാരിക കേന്ദ്രം, ഗ്രന്ഥാലയങ്ങൾ തുടങ്ങിയവയിലൂടെ ഫോം ശേഖരിക്കുന്നു.

വോളന്റിയർമാർ, ഇ.എൽ.സി കോഡിനേറ്റർമാർ തുടങ്ങിയവരെ നിയോഗിച്ച് ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 28, 29, 30 തീയതികളിലായി വിതരണം ചെയ്ത ഫോമുകൾ തിരികെ ലഭ്യമാകുന്നുവെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ബി എൽ ഒ മാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉറപ്പാക്കും.
ഇതിനോടകം 53 ശതമാനം എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റൽവത്കരിച്ചു.  തിരികെ ലഭിക്കേണ്ട 10 ലക്ഷം പൂരിപ്പിച്ച ഫോമുകളുടെ ഡിജിറ്റൽവൽക്കരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പോളിംഗ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ, മെഗാക്യാമ്പുകൾ എന്നിവ പൊതുജനങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണം. പൂരിപ്പിച്ച ഫോമുകൾ ബി എൽ ഒമാർക്കും ശേഖരണകേന്ദ്രങ്ങളിലും എത്തിക്കണമെന്നും ജില്ലാ കലക്ടർ ഓർമിപിച്ചു.